Monday, November 18, 2013

November 19 : ലോക ടോയിലെറ്റ് ദിനം


രാവിലെ അവിചാരിതമായി വാർത്തയിൽ കണ്ടപ്പോളാണ് ഇങ്ങനെയും ഒരു ദിനമുണ്ടെന്നു അറിഞ്ഞത്. അപ്പോൾ തന്നെ ഗൂഗിൾ എടുത്തു ദിവസത്തെയും പ്രത്യേകതകളെയും കുറിച്ചു വായിച്ചു.കേൾക്കുമ്പോൾ ചിരിക്കാനും  ഇങ്ങനെയും ഒരു ദിനമോ!  പറഞ്ഞു കളിയാക്കാനും മാത്രമേ നമ്മൾക്കറിയു.

"Health is wealth (ആരോഗ്യം സമ്പത്ത്)" എന്ന പഴയ പഴഞ്ചൊല്ല് കേട്ടിട്ടുണ്ടോ?അതെ, മനുഷ്യന് ആരോഗ്യം ആണ് പ്രധാനം. രോഗങ്ങളില്‍ നിന്നും മാരികളില്‍ നിന്നും അകന്ന് കഴിയേണ്ടത് ഏതൊരു മനുഷ്യനും ആവശ്യമാണ്. ഇതിനായി ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. ശുചിയായ അന്തരീക്ഷത്തില്‍ ജീവിക്കുക എന്നത് അത്യധികം പ്രാധാന്യമര്‍ഹിക്കുന്നതു കൊണ്ടാണ് ലോക ടൊയിലറ്റ് ദിനം എന്ന ദിവസം തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.

2001 ലാണ് ലോക  ടോയിലെറ്റ്  സംഘടന (World Toilet Organization) രൂപീകൃതമായത്. അന്ന് മുതൽ ലോകത്തുള്ള 19 രാജ്യങ്ങൾ എല്ലാ വർഷവും നവംബർ 19   ലോക ടോയിലെറ്റ്  ദിനമായി അചരിക്കുന്നു.വാര്‍ഷിക ടോയിലറ്റ് ഉച്ചകോടിയും  മേഖലാതല സെമിനാറുകളും അടക്കം നിരവധി പ്രോഗ്രാമ്മുകൾ ഇതിന്റെ ഭാഗമായി നടക്കുന്നു. ലോകമെമ്പാടും 2.5 ബില്ല്യനിലധികം   ആളുകൾ സ്വന്തമായി ടോയിലെറ്റ്  സൗകര്യമില്ലാത്തവർ  ആണെന്നാണ് കണക്ക്.

സ്വന്തം നാട്ടിലെ കക്കൂസുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് പ്രചരണം നല്‍കുന്നതിനായി ഓരോ ടോയിലറ്റ് അസോസിയേഷനും നാനാവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.2001ന് ശേഷം ശുചീകരണവുമായി ബന്ധപ്പെട്ട വിദഗ്ദ്ധര്‍, കക്കൂസ് രൂപകല്പന ചെയ്യുന്നവര്‍, പരിസ്ഥിതി വാദികള്‍ എന്നിവര്‍ക്ക് ഒത്തുചേരാനുള്ള
വേദിയായി ലോക ടോയിലറ്റ് ദിനം മാറുകയുണ്ടായി. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കക്കൂസുകളുടെ നിലവാരത്തെ കുറിച്ച് ഏറ്റവും പുതിയ വാര്‍ത്തകള്‍ കൈമാറുന്നതിന് ഈ വേദി സഹയാകമാകുന്നുണ്ട്.

നല്ല ഗുണനിലവാരമുള്ള ടോയിലറ്റ് സംവിധാനത്തിന് വേണ്ടി ഓരോ പൌരനും സ്വന്തം രാജ്യത്തോട് അഭ്യര്‍ത്ഥിക്കണമെന്ന് ലോക ടോയിലറ്റ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട സൌകര്യം നല്‍കണമെന്നും ആവശ്യമുണ്ട്. അതുപോലെ വികലാംഗര്‍ക്കും കുഞ്ഞുങ്ങളുള്ള അമ്മമര്‍ക്കും പ്രത്യേകം സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും എല്ലാവര്‍ക്കും വൃത്തിയും വെടിപ്പുമുള്ള കക്കൂസുകള്‍ നല്‍കണമെന്നും കൂടുതല്‍ കക്കൂസുകള്‍ ഉണ്ടാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ശുചിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാനും കൂട്ടായ പ്രവര്‍ത്തനം നടത്താനും ഒരു ആഗോള സംഘടന സ്ഥാപിക്കുക, ശുചിത്വം പാലിക്കേണ്ടത് സംബന്ധിച്ച് തുടര്‍ച്ചയായി ബോധവത്കരണം നടത്തുക, ആരോഗ്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്‍ഷ്യത്തോടെ വിവരങ്ങള്‍ ശേഖരിക്കുകയും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുക, വികസിത, അവികസിത രാജ്യങ്ങളില്‍ നിലവാരമുള്ള ടോയിലറ്റ് സംവിധാനം ഒരുക്കുന്നതിന്‍റെ ആവശ്യം ബോധ്യപ്പെടുത്തുക, ആഗോളമായി വാര്‍ത്തകള്‍ ശേഖരിക്കുകയും പ്രസിദ്ധികരിക്കുകയും ചെയ്യുക എന്നിവയാണ് ലോക ടോയിലറ്റ് അസോസിയേഷന്‍റെ ലക്ഷ്യങ്ങൾ .

കുറിപ്പ്  : പ്രശസ്ഥമായ ഒരു  സന്നദ്ധ സംഘടന തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ ടോയിലെറ്റ് നിർമിച്ചു നൽകി. മിക്കതും ഒരു മുറി വീടുകൾ ഉള്ള ചേരി പ്രദേശത്ത് താമസിക്കുന്നവർ, മികച്ച സൌകര്യത്തിൽ ആധുനിക രീതിയിൽ നിർമിച്ചു നൽകിയ ടോയിലെറ്റുകൾ പലതും അവരുടെ സ്വന്തം വീടുകളേക്കാൾ  വലിപ്പവും സൗകര്യവുമുള്ളവ. ഒരു വർഷത്തിനു ശേഷം  സന്നദ്ധ സംഘടന പ്രവർത്തകർ സ്ഥലം സന്ദർശിക്കാൻ എത്തിയപ്പോൾ ആളുകൾ പഴയപടി പുറം പണി തന്നെ. നിർമിച്ചു നൽകിയ ടോയിലെറ്റുകൾ ഒന്നുപോലും ആരും ഉപയോഗിച്ചിട്ടേയില്ല. കാരണം അന്വേഷിച്ചപ്പോൾ   നാട്ടുകാർ നൽകിയ മറുപടി "ഈ വീട്ടിലെ ഏറ്റവും വലുപ്പവും സൌകര്യവും  ഉള്ള മുറി കക്കൂസ് ആണ്, തലചായിക്കാൻ ഇടമില്ലാത്തവന് എന്തിനു സാറെ ടോയിലെറ്റ് ?"

"അടിസ്ഥാന സൗകര്യങ്ങൾ അതു അവകാശമാണ്"