Monday, November 18, 2013

November 19 : ലോക ടോയിലെറ്റ് ദിനം


രാവിലെ അവിചാരിതമായി വാർത്തയിൽ കണ്ടപ്പോളാണ് ഇങ്ങനെയും ഒരു ദിനമുണ്ടെന്നു അറിഞ്ഞത്. അപ്പോൾ തന്നെ ഗൂഗിൾ എടുത്തു ദിവസത്തെയും പ്രത്യേകതകളെയും കുറിച്ചു വായിച്ചു.കേൾക്കുമ്പോൾ ചിരിക്കാനും  ഇങ്ങനെയും ഒരു ദിനമോ!  പറഞ്ഞു കളിയാക്കാനും മാത്രമേ നമ്മൾക്കറിയു.

"Health is wealth (ആരോഗ്യം സമ്പത്ത്)" എന്ന പഴയ പഴഞ്ചൊല്ല് കേട്ടിട്ടുണ്ടോ?അതെ, മനുഷ്യന് ആരോഗ്യം ആണ് പ്രധാനം. രോഗങ്ങളില്‍ നിന്നും മാരികളില്‍ നിന്നും അകന്ന് കഴിയേണ്ടത് ഏതൊരു മനുഷ്യനും ആവശ്യമാണ്. ഇതിനായി ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. ശുചിയായ അന്തരീക്ഷത്തില്‍ ജീവിക്കുക എന്നത് അത്യധികം പ്രാധാന്യമര്‍ഹിക്കുന്നതു കൊണ്ടാണ് ലോക ടൊയിലറ്റ് ദിനം എന്ന ദിവസം തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.

2001 ലാണ് ലോക  ടോയിലെറ്റ്  സംഘടന (World Toilet Organization) രൂപീകൃതമായത്. അന്ന് മുതൽ ലോകത്തുള്ള 19 രാജ്യങ്ങൾ എല്ലാ വർഷവും നവംബർ 19   ലോക ടോയിലെറ്റ്  ദിനമായി അചരിക്കുന്നു.വാര്‍ഷിക ടോയിലറ്റ് ഉച്ചകോടിയും  മേഖലാതല സെമിനാറുകളും അടക്കം നിരവധി പ്രോഗ്രാമ്മുകൾ ഇതിന്റെ ഭാഗമായി നടക്കുന്നു. ലോകമെമ്പാടും 2.5 ബില്ല്യനിലധികം   ആളുകൾ സ്വന്തമായി ടോയിലെറ്റ്  സൗകര്യമില്ലാത്തവർ  ആണെന്നാണ് കണക്ക്.

സ്വന്തം നാട്ടിലെ കക്കൂസുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് പ്രചരണം നല്‍കുന്നതിനായി ഓരോ ടോയിലറ്റ് അസോസിയേഷനും നാനാവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.2001ന് ശേഷം ശുചീകരണവുമായി ബന്ധപ്പെട്ട വിദഗ്ദ്ധര്‍, കക്കൂസ് രൂപകല്പന ചെയ്യുന്നവര്‍, പരിസ്ഥിതി വാദികള്‍ എന്നിവര്‍ക്ക് ഒത്തുചേരാനുള്ള
വേദിയായി ലോക ടോയിലറ്റ് ദിനം മാറുകയുണ്ടായി. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കക്കൂസുകളുടെ നിലവാരത്തെ കുറിച്ച് ഏറ്റവും പുതിയ വാര്‍ത്തകള്‍ കൈമാറുന്നതിന് ഈ വേദി സഹയാകമാകുന്നുണ്ട്.

നല്ല ഗുണനിലവാരമുള്ള ടോയിലറ്റ് സംവിധാനത്തിന് വേണ്ടി ഓരോ പൌരനും സ്വന്തം രാജ്യത്തോട് അഭ്യര്‍ത്ഥിക്കണമെന്ന് ലോക ടോയിലറ്റ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട സൌകര്യം നല്‍കണമെന്നും ആവശ്യമുണ്ട്. അതുപോലെ വികലാംഗര്‍ക്കും കുഞ്ഞുങ്ങളുള്ള അമ്മമര്‍ക്കും പ്രത്യേകം സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും എല്ലാവര്‍ക്കും വൃത്തിയും വെടിപ്പുമുള്ള കക്കൂസുകള്‍ നല്‍കണമെന്നും കൂടുതല്‍ കക്കൂസുകള്‍ ഉണ്ടാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ശുചിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാനും കൂട്ടായ പ്രവര്‍ത്തനം നടത്താനും ഒരു ആഗോള സംഘടന സ്ഥാപിക്കുക, ശുചിത്വം പാലിക്കേണ്ടത് സംബന്ധിച്ച് തുടര്‍ച്ചയായി ബോധവത്കരണം നടത്തുക, ആരോഗ്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്‍ഷ്യത്തോടെ വിവരങ്ങള്‍ ശേഖരിക്കുകയും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുക, വികസിത, അവികസിത രാജ്യങ്ങളില്‍ നിലവാരമുള്ള ടോയിലറ്റ് സംവിധാനം ഒരുക്കുന്നതിന്‍റെ ആവശ്യം ബോധ്യപ്പെടുത്തുക, ആഗോളമായി വാര്‍ത്തകള്‍ ശേഖരിക്കുകയും പ്രസിദ്ധികരിക്കുകയും ചെയ്യുക എന്നിവയാണ് ലോക ടോയിലറ്റ് അസോസിയേഷന്‍റെ ലക്ഷ്യങ്ങൾ .

കുറിപ്പ്  : പ്രശസ്ഥമായ ഒരു  സന്നദ്ധ സംഘടന തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ ടോയിലെറ്റ് നിർമിച്ചു നൽകി. മിക്കതും ഒരു മുറി വീടുകൾ ഉള്ള ചേരി പ്രദേശത്ത് താമസിക്കുന്നവർ, മികച്ച സൌകര്യത്തിൽ ആധുനിക രീതിയിൽ നിർമിച്ചു നൽകിയ ടോയിലെറ്റുകൾ പലതും അവരുടെ സ്വന്തം വീടുകളേക്കാൾ  വലിപ്പവും സൗകര്യവുമുള്ളവ. ഒരു വർഷത്തിനു ശേഷം  സന്നദ്ധ സംഘടന പ്രവർത്തകർ സ്ഥലം സന്ദർശിക്കാൻ എത്തിയപ്പോൾ ആളുകൾ പഴയപടി പുറം പണി തന്നെ. നിർമിച്ചു നൽകിയ ടോയിലെറ്റുകൾ ഒന്നുപോലും ആരും ഉപയോഗിച്ചിട്ടേയില്ല. കാരണം അന്വേഷിച്ചപ്പോൾ   നാട്ടുകാർ നൽകിയ മറുപടി "ഈ വീട്ടിലെ ഏറ്റവും വലുപ്പവും സൌകര്യവും  ഉള്ള മുറി കക്കൂസ് ആണ്, തലചായിക്കാൻ ഇടമില്ലാത്തവന് എന്തിനു സാറെ ടോയിലെറ്റ് ?"

"അടിസ്ഥാന സൗകര്യങ്ങൾ അതു അവകാശമാണ്"

Thursday, November 14, 2013

ശിശു ദിനം : നവംബര്‍ 14

നവംബര്‍ 14 ..ഒരു ശിശു ദിനം കൂടി വരവായി. ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമാണ് ശിശുദിനമായി നമ്മള്‍ ആഘോഷിക്കുന്നത്. ഒരു ഭരണാധികാരി എന്നതുപോലെ തന്നെ കുട്ടികളുടെ കളിത്തോഴനായിരുന്നു അദ്ദേഹം. കുട്ടികളെ ജീവനുതുല്ല്യം സ്നേഹിച്ചിരുന്ന ഒരു ഭരണാധികാരി. ഭാരതത്തിന്റെ സ്വന്തം ചാച്ചാജി..

ഒരു തലമുറയുടെ തുടക്കം ആണ് ഒരു കുട്ടി ജനിക്കുമ്പോൾ. നമ്മുടെ പുതു തലമുറ എങ്ങനെയായിരിക്കണമെന്ന് നിശ്ചയിക്കുന്നതിൽ നമുക്കും പങ്കുണ്ടെന്ന് നാം തിരിച്ചറിയണം. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി വിവാഹ മോചനം നേടി പോകുമ്പോള്‍ അവിടെ അനാഥത്വം അനുഭവിക്കാന്‍ വിധിക്കപെടുന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളാണ്. പിഞ്ചു കുഞ്ഞുങ്ങളെ പോലും പീഡിപ്പിച്ചു കൊല്ലുന്ന ഒരു ലോകം, തല ചായ്ക്കാന്‍ ഇടമില്ലാത്തവളെ തെരുവിലേക്ക് പിച്ചി എറിയുമ്പോള്‍ തകര്‍ന്നു പോകുന്നത് ഒരു ജീവിതവും പിറന്നു വീഴാന്‍ പോകുന്നത് ഒരു പാപത്തിന്‍റെ അനാഥ കുഞ്ഞു കൂടെയാണ് എന്ന് ഓര്‍ക്കാത്ത ഒരു കാലം , പണം കായ്ക്കുന്ന മരങ്ങളെ പോലെ , സോഷ്യല്‍ സ്റ്റാറ്റസിനു വേണ്ടി കുട്ടികളുടെ താല്‍പര്യങ്ങളെ വകവെക്കാതെ,തങ്ങളുടെ താൽപര്യങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന മാതാപിതാക്കളുടെ ഒരു കാലം. ചിന്തിക്കുക നമ്മളുടെ തലമുറ എങ്ങോട്ടാണ്? നമ്മുടെ മനസാക്ഷി എവിടെയാണ്?

കുഞ്ഞു മനസ്സിൽ നന്മയും, മത സൗഹാര്‍ദ്ദ ചിന്തയും സാഹോദര്യഭാവവും വളര്‍ത്തുവാൻ ഉള്ള പ്രവർത്തനം നമുക്കു നമ്മുടെ കുടുംബത്തിൽ നിന്നും ആരംഭിക്കാം. സാമുഹ്യ പ്രതിബദ്ധതക്കും കുടുംബ മുല്യങ്ങള്‍ക്കും ഉള്ള പ്രാധാന്യം അറിയാതെ വളരുവാൻ നമ്മുടെ മക്കൾ ഇടയാകരുത്. കുഞ്ഞുങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾക്കും, കുട്ടികളോടുള്ള ക്രൂരതക്കും, ബാലവേലക്കും എതിരെ ഒന്നിക്കുക, ശിശുദിനാശംസകൾ..

Tuesday, May 21, 2013

മഴ

ഇന്നലെ ഒരു വലിയ മഴ പെയ്തു 
എന്നിട്ടും ഒരു തുണ്ട് ഭൂമി നനഞ്ഞില്ല 
കുളിച്ചു ഞാനാ മഴയിൽ, കുതിർന്നു
പോയീ ഞാനാ വർഷ ബിന്ദുക്കളിൽ

മനസ്സിൽ പെയ്തൊരാ മഴയിൽ
തണുത്തുറഞ്ഞു നിൽക്കവേ
കേട്ടു ഞാൻ ആ ശബ്ദം
ഒരു നിലവിളി എന്ന പോലെ

ഞാൻ പതിയെ പുറകോട്ടു നടക്കവേ
കണ്ടു ഞാൻ കണ്ണീരിൽ കുതിർന്ന മുഖം
എവിടെ മഴ? എവിടെ വെള്ളം ?
ഞാൻ നനഞ്ഞതീ കണ്ണീരിൽ ആയിരുന്നുവോ?

എൻ കൈത്തുമ്പിലെ
സ്നേഹത്തിൻ നനവിനെ മായിക്കുവാ-
ഈ പെരുമഴക്കാകുമോ സോദരാ?

Thursday, March 7, 2013

മാര്‍ച്ച്‌ 8 ലോക വനിതാ ദിനം

ലോകമെങ്ങും മാര്‍ച്ച്‌ 8 വനിതാ ദിനമായി കൊണ്ടാടുന്നു. 1857 മാര്‍ച്ച് എട്ടിന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണി മില്ലുകളില്‍ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍, കുറഞ്ഞ ശമ്പളത്തിനും ദീര്‍ഘസമയ തൊഴിലിനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടി ആദ്യമായി ഉയര്‍ത്തിയ ശബ്ദം അങ്ങനെ ചരിത്രത്തിന്‍റെ ഭാഗമാവുകയായിരുന്നു.

ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്നി ലോകമാകെ പടര്‍ന്നുപിടിക്കാന്‍ അധികകാലം കാത്തിരിക്കേണ്ടിവന്നില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ സംഘടിക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും തുടങ്ങി. യു.എസ്സില്‍ 1909 ഫെബ്രുവരി 28ന് വനിതാദിനം ആചരിച്ചു. 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍, ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. തുടര്‍ന്ന്, 1911 മാര്‍ച്ച് 19ന് ജര്‍മ്മനിയും സ്വിറ്റ്സര്‍ലന്‍ഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു. ജര്‍മ്മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി വനിതാ വിഭാഗം അദ്ധ്യക്ഷ ക്ലാര-സെട്കിനിന്‍റെ നേതൃത്വത്തിലായിരുന്നു ഇത്. അന്ന് 17 രാജ്യങ്ങളില്‍നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ആശയത്തിന് അപ്പോള്‍ത്തന്നെ അംഗീകാരം നല്‍കി. തൊട്ടടുത്ത വര്‍ഷം, ഇന്നേക്ക് നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ്,1911 മാര്‍ച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തില്‍ ഈ ദിനം ആചരിച്ചു. 1917 മാര്‍ച്ച്‌ എട്ടിന് റഷ്യയില്‍ നടത്തിയ വനിതാ ദിന പ്രകടനം, റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. 1975ല്‍, ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു.

വിദ്യാഭ്യാസത്തിന്‍റെയും സംസ്കാരത്തിന്‍റെയും കാര്യത്തില്‍ ഏറെ ഉന്നതരാണെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എക്കാലത്തേക്കാളും ഉയര്‍ന്ന നിരക്കിലാണിന്ന്. കഴിഞ്ഞ വനിതാ ദിനത്തില്‍ സൌമ്യയായിരുന്നു നമുക്കു മുന്നിലെ വേദന, ഇന്ന് തിരൂരില്‍ ഒരു പിഞ്ചു നാടോടി ബാലിക..

സ്വന്തം മാനം കാക്കാന്‍ ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീ ഇന്ന് അനുഭവിക്കുന്ന യാതനകള്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലോകരാഷ്ട്രങ്ങള്ക്കുറ മുന്നില്‍ ഇന്ത്യ നാണംകെട്ടുകൊണ്ടിരിക്കുന്നു. ലൈംഗികാതിക്രമങ്ങളുടെ അവസാനിക്കാത്ത കഥകളുമായാണ് ഓരോ പ്രഭാതവും നമ്മെ വരവേല്ക്കു ന്നത്.

''ഇയം പരിശുദ്ധ സമാചാരാ, അപാപാ പരിദേവതാ'' എന്ന് വല്മീകി മഹര്ഷിക പ്രകീര്ത്തിംച്ച സീതയുടെ വ്യക്തിത്വമാണ് രാമായണത്തിന്റെ അന്തഃസത്ത. കന്യാമറിയത്തിന്റെ മടിത്തട്ടിലാണ് ക്രൈസ്തവതയുടെ ആത്മാവ് കുടികൊള്ളുന്നത്. സത്യപ്രബോധനം കാരണമായ കൊടിയമര്ദയനങ്ങള്‍ സഹിക്കാന്‍ നിര്ബകന്ധിതരായ ശിഷ്യരില്‍ ഒരാള്‍ എന്നാണ് ഇതിനൊരറുതിയുണ്ടാവുക എന്ന് ചോദിച്ചപ്പോള്‍ പ്രവാചകതിരുമേനിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു: 'എല്ലാ അന്യായങ്ങളും അവസാനിക്കും. ഒറ്റയ്‌ക്കൊരു പെണ്ണ് ഈ വഴിയെ സഞ്ചരിക്കും'.മനുഷ്യസംസ്‌കാരത്തിന്റെ ആദിമധ്യാന്തങ്ങള്‍ സ്ത്രീത്വത്തിന്റെ സുരക്ഷയിലും സ്വാതന്ത്ര്യത്തിലും മാന്യതയിലും മാഹാത്മ്യത്തിലുമാണെന്ന പ്രാപഞ്ചിക യാഥാര്ഥ്യംറ പൂര്ണ്മായി പുലരുന്ന പ്രഭാതംവരെ നമുക്ക് ഉറക്കമിളച്ചു കാത്തിരിക്കാന്‍ കഴിയേണ്ടതുണ്ട്. സമത്വം വെറും വാക്കിലൊതുക്കാത്ത കാലത്തുമാത്രമേ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊണ്ടുകൊണ്ട് നമുക്കൊരു വനിതാദിനം ആഘോഷിക്കാന്‍ കഴിയൂ.അങ്ങനെയാവട്ടെ എന്ന പ്രത്യാശയോടെ....