Tuesday, September 23, 2014

ചൊവ്വയിൽ ചരിത്രം പിറന്നത്‌ ബുധനാഴ്ച












ഓരോ ഭാരതീയനും അഭിമാന നിമിഷങ്ങൾ, അവസാനം ചൊവ്വാദോഷം മാറ്റിയെടുക്കാൻ ഇന്ത്യ വേണ്ടി വന്നു. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യം പരിപൂര്‍ണ വിജയം. മംഗള്‍യാന്‍ ചൊവ്വയുടെ ആകര്‍ഷണ വലയത്തിലുളള നിര്‍ദിഷ്‌ട ഭ്രമണപഥത്തിലെത്തിച്ചേര്‍ന്നു. ആദ്യ ചൊവ്വാദൗത്യം വിജയിക്കുന്ന ആദ്യ രാജ്യം എന്ന ബഹുമതിയും ഇന്ത്യ നേടിയെടുത്തു. ചൊവ്വദൗത്യം വിജയിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ്‌ ഇന്ത്യ.22 കോടി കിലോമീറ്റര്‍ അകലെ ചൊവ്വായ്ക്കരികില്‍നിന്ന് പേടകം 'മംഗളസൂചകമായി' സന്ദേശമയച്ചു.


'ഇന്ത്യ വിജയകരമായി ചൊവ്വയിലെത്തിയിരിക്കുന്നു', ബാംഗ്ലൂരില്‍ മംഗള്‍യാന്റെ പഥപ്രവേശനവേളയില്‍ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഈ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞരെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇതോടെ, പ്രഥമ ചൊവ്വാദ്യത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന നിലയ്ക്കും, ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍രാജ്യമെന്ന നിലയ്ക്കും ചരിത്രത്തില്‍ ഇടംനേടുകയാണ് ഇന്ത്യ. ചൊവ്വയില്‍ വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയി ഇന്ത്യ ഈ വിജയത്തോടെ മാറി.

ഇതുവരെയും ഒരു രാജ്യത്തിനും തങ്ങളുടെ ആദ്യ ചൊവ്വാദൗത്യം വിജിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ 'ചൊവ്വാദോഷം' മാറ്റിയിരിക്കുകയാണ് 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' ( Mars Orbiter Mission - MOM ) എന്ന മംഗള്‍യാന്‍.


2013 നവംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് പിഎസ്എല്‍വി - സി25 റോക്കറ്റില്‍ വിക്ഷേപിച്ച മംഗള്‍യാന്‍ പേടകം, പത്തു മാസവും 19 ദിവസവും സ്‌പേസിലൂടെ യാത്രചെയ്താണ് ഇപ്പോള്‍ ചൊവ്വയിലെത്തിയിരിക്കുന്നത്.

ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമായിരുന്നു സൗരഭ്രമണപഥത്തില്‍നിന്ന് പേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്നത്. അതിനുള്ള വന്‍ തയ്യാറെടുപ്പിലായിരുന്നു ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ( ISRO ) യിലെ ശാസ്ത്രജ്ഞര്‍.

ചൊവ്വായുടെ ഭ്രമണപഥത്തിലെത്തിക്കാന്‍ പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ 22.1 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററിലേക്ക് കുറയ്‌ക്കേണ്ടിയിരുന്നു. ആ സുപ്രധാന കടമ്പയാണ് രാവിലെ മറികടന്നത്. പേടകത്തെ ദിശതിരിച്ച് റിവേഴ്‌സ് ഗിയറിലിട്ട് വേഗംകുറച്ച് നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതായി ഐ.എസ്.ആര്‍.ഒ.അധികൃതര്‍ അറിയിച്ചു.

'ലാം' തുണച്ചു

മംഗള്‍യാന്‍ പേടകത്തിലെ 'ലിക്വിഡ് അപ്പോജി മോട്ടോര്‍' എന്ന 'ലാം യന്ത്ര'ത്തെ 24 മിനിറ്റ് നേരം ജ്വലിപ്പിച്ചാണ് ചൊവ്വായുടെ ഭ്രമണപഥത്തില്‍ അതിനെ എത്തിക്കാന്‍ സാധിച്ചത്.

നിശ്ചയിച്ചിരുന്നതുപോലെ പുലര്‍ച്ചെ 4.17ന് പേടകത്തിലെ ഇടത്തരം ആന്റിന സന്ദേശക്കൈമാറ്റത്തിന് തയ്യാറായിക്കഴിഞ്ഞിരുന്നു. 6.56 നുശേഷം പേടകം തനിയെ പുറംതിരിഞ്ഞു. 7.12 നുശേഷം പേടകം ചൊവ്വയുടെ നിഴലിലായി. സൂര്യനും ചൊവ്വയും പേടകവും ഒരേ നിരയിലായതാണ് കാരണം.

7.17 മുതല്‍ 7.41 വരെ പേടകത്തിലെ 'ലാം യന്ത്ര'വും എട്ട് ചെറിയ യന്ത്രങ്ങളും ജ്വലിച്ചു. പുറംതിരിഞ്ഞശേഷം നടന്ന ഈ റിവേഴ്‌സ് ജ്വലനത്തിന്റെ ഫലമായി പേടകത്തിന്റെ വേഗം 22 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററായി കുറഞ്ഞു. അതോടെ പേടകം ചൊവ്വയുടെ ആകര്‍ഷണത്തില്‍ കുരുങ്ങി, അതിനെ വലംവെച്ചുതുടങ്ങി.


പത്തുമാസമായി നിദ്രയിലായിരുന്ന ലാം യന്ത്രം പ്രവര്‍ത്തനക്ഷമമാണോ എന്നറിയാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് നാലുസെക്കന്‍ഡ് നേരം യന്ത്രത്തെ പരീക്ഷണാര്‍ഥം ജ്വലിപ്പിച്ചിരുന്നു. അത് വിജയിച്ചത് ഐഎസ്ആര്‍ഒ ഗവേഷകരില്‍ വലിയ ആത്മവിശ്വാസമുണര്‍ത്തി.

ചൊവ്വയോട് ഏറ്റവും അടുത്തെത്തുമ്പോള്‍ 366 കിലോമീറ്ററും ഏറ്റവും അകലെ 80,000 കിലോമീറ്ററും പരിധിയുള്ള വാര്‍ത്തുള ഭ്രമണപഥത്തില്‍ ചുറ്റിയാണ് മംഗള്‍യാന്‍ നിരീക്ഷണങ്ങള്‍ നടത്തുക.

450 കോടി രൂപ ചെലവും 1337 കിലോഗ്രാം ഭാരവുമുള്ള പേടകത്തില്‍ അഞ്ച് പേലോഡുകള്‍ അഥവാ പരീക്ഷണോപകരണങ്ങളാണ് ഉള്ളത്. ചൊവ്വയിലെ അന്തരീക്ഷത്തിന്റെ ഉപരിമേഖലകളെക്കുറിച്ച് പഠിക്കാനും, അവിടുത്തെ മീഥേന്‍ വാതകത്തിന്റെ സാന്നിധ്യമളക്കാനുമൊക്കെ സഹായിക്കുന്നവയാണ് ആ ഉപകരണങ്ങള്‍.

അതില്‍ മീഥൈനിന്റെ സാന്നിധ്യമളക്കാനുള്ള മീഥൈന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് ( എം.എസ്.എം) ആണ് ഏറ്റവും പ്രധാനം. ആ ഉപകരണം നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് മുമ്പ് ചൊവ്വയില്‍ സൂക്ഷ്മജീവികള്‍ ഉണ്ടായിരുന്നോ എന്ന് അറിയാനാകും. ചൊവ്വയിലെ ജീവന്റെ സാന്നിധ്യമാണ് മംഗള്‍യാന്‍ തേടുന്നതെന്ന് സാരം.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അയച്ച മേവന്‍ പേടകം ( Mars Atmosphere and Volatile Evolution þ MAVEN ) രണ്ടുദിവസം മുമ്പേ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിട്ടുണ്ട്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയാണ് മേവന്റെ ലക്ഷ്യം



(കടപ്പാട് : ISRO, Mathrubhumi)

Wednesday, September 3, 2014

സെപ്‌റ്റംബര്‍ 5 - അധ്യാപകദിനം



















"ഗുരുപാദ ഭക്തി അകതാരിലെന്നും
തളമായി നിന്നാൽ സദാനന്തമാകും
ഇരുൾ മാറിടാനായി വെളിവേകിടാനായി
ഗുരുപാദമെന്നും മനസ്സിൽ നമസ്കരിക്കാം"


പതിവില്ലാത്ത വിധം ഈ വർഷത്തെ അധ്യാപക ദിനം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഞാൻ ഓർക്കുകയാണ് പണ്ട് സ്കൂൾ പഠന കാലത്ത് അധ്യാപക ദിനം എന്നാൽ ഒരു സ്റ്റാമ്പ്‌ കളക്ഷൻ അല്ലാതെ വേറെയൊന്നുമില്ലാരുന്നു. ഗാന്ധി ജയന്തിക്കും ഓണത്തിനുമെല്ലാം അവധി ഉള്ളതു കൊണ്ട് ഗാന്ധിജിയോടും മഹാബലിയോടും എന്തെന്നില്ലാത്ത ഒരു സ്നേഹം തന്നെ മനസ്സിൽ ഉണ്ടായിരുന്നു. ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണനെ പറ്റി അറിയാവുന്ന എത്ര പേരുണ്ടെന്നു ചോദിച്ചാൽ അറിയാമെന്നു പറയുന്ന അധ്യാപകർ പോലുമിന്നു കുറവായിരിക്കും..!!

ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ഞാൻ ആദ്യാക്ഷരം കുറിച്ചതു ഒരു ആശാൻ പള്ളികുടത്തിൽ "ഹരിശ്രീ ഗണപതയേ നമ:" എന്നാണ്. അങ്ങനെ ചെയ്തതു കൊണ്ട് അറിവിന്റെ കാര്യത്തിൽ ഒരു കുറവുള്ളതായി തോന്നിയിട്ടില്ല. ഇനി വല്ല ക്രിസ്ത്യൻ പുരോഹിതനെ കൊണ്ടോ മറ്റോ അദ്ധ്യാക്ഷരം കുറിച്ചാൽ ഞാൻ ജ്ഞാന പുരുഷോത്തമൻ ആകുമെന്ന് കരുതാൻ ഒരു വകുപ്പുമില്ലല്ലൊ. എന്നെ പഠിപ്പിച്ചവർ ഹിന്ദുവാണോ ഇസ്ലാമാണോ എന്നൊന്നും ചിന്തിച്ചിട്ടുമില്ല. അധ്യാപനത്തിനും അറിവു പകരുന്നതിനും മതമില്ല, ജാതിയില്ല, രാഷ്ട്രീയമില്ല. മുൻപില്ലാത്ത വിധം അധ്യാപനവും വിദ്യാഭ്യാസവും വർഗീയവൽക്കരിക്കുമ്പോൾ അധ്യാപനത്തിന്റെ മഹത്വം മനസ്സിലാക്കാൻ ഈ ദിനം സഹായിക്കട്ടെ.
അധ്യാപനത്തിന്റെ ആചാര്യനായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനമായ സെപ്‌റ്റംബര്‍ 5 ആണ് അധ്യാപകദിനം. അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവര്‍ണദിനം. ഭാരതീയ സംസ്‌കാരത്തിന്റെയും വിജ്‌ഞാപനത്തിന്റെയും ആഴങ്ങളിലൂടെ തീര്‍ഥയാത്ര നടത്തിയ മഹാനായ ഡോ. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു.
പ്രശസ്‌തനായ എഴുത്തുകാരന്‍, പക്വമതിയായ രാഷ്‌ട്രതന്ത്രജ്‌ഞന്‍, ഉജ്വല വാഗ്മി, നവഭാരതത്തിന്റെ സ്‌നേഹനിധിയായ രാഷ്‌ട്രപതി, സ്വാമി വിവേകാനന്ദനെയും ടാഗോറിനെയും അനുഗമിച്ച മുനികുമാരന്‍, കളങ്കമറ്റ രാജ്യസ്‌നേഹി, തലമുറകളെ അക്ഷരജ്യോതിസുകൊണ്ട്‌ പുണ്യം ചെയ്യിച്ച ജ്‌ഞാനപ്രവാഹം, അങ്ങനെ അണിയാനും അണിയിക്കാനും അദ്ദേഹത്തിന്‌ എത്രയെത്ര വിശേഷണങ്ങള്‍.1952ല്‍ ആദ്യ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി.
ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു.
“നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.
ഭാരതീയരായ നാം 'മാതാ-പിതാ-ഗുരു ദൈവം' എന്ന്‌ പഠിക്കുന്നവരാണല്ലോ. നമ്മുടെ സംസ്‌കാരവും ചൈതന്യവും ഗുരുക്കന്മാര്‍ക്ക്‌ കല്‍പിച്ചു നല്‍കിയിട്ടുള്ള സ്‌ഥാനവും ഔന്നത്യവും സാമൂഹ്യനിര്‍മിതിയില്‍ അവര്‍ക്കുള്ള നിര്‍ണായക ഉത്തരവാദിത്വവും നാം മനസിലാക്കണം.മൂല്യബോധമുള്ള ഒരു തലമുറയുടെ രൂപീകരണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണം. മൂല്യങ്ങള്‍ പറഞ്ഞ്‌ പഠിപ്പിക്കാന്‍ സാധിക്കുകയില്ല. മൂല്യങ്ങള്‍ അധ്യാപകരില്‍നിന്നും കുട്ടികള്‍ സ്വായത്തമാക്കണം. അധ്യാപകര്‍തന്നെയാണ്‌ മൂല്യം. കുട്ടിയുടെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന നിര്‍മലവും സത്യസന്ധവുമായ പാഠങ്ങളാണ്‌ പ്രാഥമിക കളരികളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കേണ്ടത്‌.
വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുക, അവരെ വളര്‍ത്തിക്കൊണ്ടുവരിക, പുതുമ മങ്ങാതെ പഠിപ്പിക്കുക, വഴികാട്ടിയാകുക ഇതൊക്കെയാണ്‌ അധ്യാപകന്റെ വിളിയും ദൗത്യവും. അധ്യാപനം തപസ്യയായി ഏറ്റെടുത്തവര്‍ക്കേ ഈ ബാധ്യത നിറവേറ്റാന്‍ സാധിക്കൂ. സ്‌നേഹവും സഹാനുഭൂതിയുമാണ്‌ അധ്യാപകന്റെ മുഖമുദ്ര. അര്‍പ്പണബോധമുള്ള അധ്യാപകന്‌ ധാരാളം വായിക്കാനും തയാറെടുക്കുവാനും സമയം വേണമെന്നിരിക്കെ ബിസിനസു കാര്യത്തിനും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനും സമയം കണ്ടെത്താനാവില്ല. സിലബസില്‍ മാത്രം ഒതുങ്ങുന്നതല്ല അധ്യാപനം. ആഴമേറിയ അറിവും വിശാലദര്‍ശനവും അതിന്‌ അനിവാര്യമാണ്‌.
''അധ്യാപകര്‍ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനാധ്വാനിയും വിശാല മനസ്‌കനും ആയിരിക്കണം. അധ്യാപകന്‍ കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന ഒരരുവിയാകണം'' ഇതായിരുന്നു അധ്യാപനത്തോടുള്ള ഡോ. രാധാകൃഷ്‌ണന്റെ കാഴ്‌ചപ്പാട്‌. വിജ്‌ഞാനത്തിന്റെ പുത്തന്‍പാതകള്‍ തുറന്ന്‌ വിദ്യാര്‍ഥികളെ പ്രകാശപൂരിതമാക്കാന്‍ അധ്യാപക സമൂഹത്തിനാകട്ടെ എന്ന്‌ ഈ സുദിനത്തില്‍ നമുക്ക്‌ പ്രതിജ്‌ഞയെടുക്കാം.