പേജുകള്‍
Tuesday, December 2, 2008
കാശ്‌മീര്‍: കോണ്‍ഗ്രസിന് 'സഖ്യാന്വേഷണ' പരീക്ഷണം
നാഷണല്‍ കോണ്‍ഫറന്‍സിനോടു ചേര്‍ന്ന് ജമ്മു-കാശ്‌മീരില്‍ ഭരണം പങ്കിടാനൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസിന് കയ്‌പുനീരു കുടിക്കുന്ന അനുഭവം. സംസ്‌ഥാനത്തെ ഏതെങ്കിലും പാര്‍ട്ടിയുമായി ചേര്‍ന്ന് ഭരിക്കുന്നതിനു മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വിശ്വസിക്കുന്നത്. പി.ഡി.പിയുമായി ചേര്‍ന്ന് കഴിഞ്ഞ തവണ ഭരിച്ചതിന്റെ ദുരനുഭവം കോണ്‍ഗ്രസിന് അത്രയേറെ നഷ്‌ടമുണ്ടാക്കിക്കഴിഞ്ഞു. എങ്കിലും വീണുകിട്ടിയ അവസരം പ്രയോജനപ്പെടുത്താന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
മന്ത്രിസഭയുണ്ടാക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സിനു പിന്തുണ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. സോണിയാ ഗാന്ധി, വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി, പ്രതിരോധ മന്ത്രി എ.കെ ആന്റണി, ജമ്മു-കാശ്‌മീരിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രഥ്വിരാജ് ചവാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പി.ഡി.പിക്കു പിന്തുണ നല്‍കിയ മാതൃകയില്‍ മൂന്നുവര്‍ഷം കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം ലഭിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്‌തതായി അറിയുന്നു. കോണ്‍ഗ്രസിന്റെ ഉന്നതതല സംഘം ചര്‍ച്ചകള്‍ക്കായി ഇന്ന് ശ്രീനഗറിലേക്കു പോകും.
2002ല്‍ ഭരണത്തിലേറിയ പി.ഡി.പി-കോണ്‍ഗ്രസ് സഖ്യം ഇണക്കവും പിണക്കവുമായി അഞ്ചര വര്‍ഷം ഭരിച്ചെങ്കിലും അമര്‍നാഥ് പ്രശ്‌നത്തോടു കൂടി കൂട്ടുകെട്ട് തകരുകയായിരുന്നു. ജമ്മു-കാശ്‌മീരിന്റെ പ്രത്യേക ഭരണഘടന മൂലം ഇവിടെ ആറുവര്‍ഷമാണ് സംസ്‌ഥാന അസംബ്ലിയുടെ കാലാവധി.
പി.ഡി.പി. നേതാവ് മുഫ്‌തി മുഹമ്മദ് സയീദ് മുഖ്യമന്ത്രി സ്‌ഥാനം ഒഴിഞ്ഞ ശേഷമാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് മുഖ്യമന്ത്രിയാകുന്നത്. എന്നാല്‍ അമര്‍നാഥ് ക്ഷേത്ര ബോര്‍ഡിന് ഭൂമി അനുവദിച്ച പ്രശ്‌നത്തില്‍ പി.ഡി.പി. പിന്തുണ പിന്‍വലിച്ചതോടെ ഭൂരിപക്ഷം നഷ്‌ടപ്പെട്ട ഗുലാം നബി രാജിവയ്‌ക്കുകയായിരുന്നു.
ഗുലാം നബിയും അന്നത്തെ ഗവര്‍ണര്‍ റിട്ട. ലഫ്. ജനറല്‍ എസ്.കെ സിന്‍ഹയും തമ്മിലുള്ള സൗഹര്‍ദമാണ് അമര്‍നാഥ് ഭൂമിപ്രശ്‌നം വഷളാക്കിയതെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആരോപണമുണ്ട്. അമര്‍നാഥ് ക്ഷേത്ര ബോര്‍ഡിന്റെ അധ്യക്ഷന്‍ സംസ്‌ഥാന ഗവര്‍ണറാണ്. അറിയപ്പെടുന്ന ബി.ജെ.പി സഹയാത്രികനായ സിന്‍ഹ ഇവിടെ ഗവണര്‍ണറായതോടെയാണ് അമര്‍നാഥ് ഭൂമിപ്രശ്‌നം വഷളാകുന്നത്.
ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടതാണ് ഇത്തവണ ബി.ജെ.പി, പി.ഡി.പി മുന്നേറ്റമുണ്ടാകാന്‍ കാരണം. അമര്‍നാഥ് ഭൂമി പ്രശ്‌നത്തിനു പിന്നില്‍ യഥാര്‍ഥത്തിലുള്ള ബി.ജെ.പിയും പി.ഡി.പിയും അവസരം മുതലെടുത്തെന്ന് ഗുലാം നബി തന്നെ ഇന്നലെ സമ്മതിക്കുകയും ചെയ്‌തു.
നേരത്തെ എന്‍.ഡി.എ സര്‍ക്കാരില്‍ പങ്കാളിയായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ് ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കുന്ന കാര്യം തള്ളിക്കളഞ്ഞു.
ബി.ജെ.പിയുമായി ചേര്‍ന്ന് ഭരിക്കുന്നതിലും നല്ലത് പ്രതിപക്ഷത്തിരിക്കുകയാണെന്ന് പാര്‍ട്ടി പ്രസിഡന്റ ഒമര്‍ അബ്‌ദുള്ള ഇന്നലെ പറഞ്ഞു. ജൂലൈ 22നു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഒമര്‍ യു.പി.എയ്‌ക്ക് അനുകൂലമായാണ് വോട്ടു ചെയ്‌തത്. അന്ന് ബി.ജെ.പിയെ കടന്നാക്രമിച്ചുകൊണ്ട് ഒമര്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗം ഏറെ പ്രശസ്‌തമാകുകയും ചെയ്‌തു.
Removed:
എന്‍റെ ബ്ലോഗാന്വേഷണ പരീക്ഷണങ്ങല്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment