Monday, December 3, 2012

ഹൃദയങ്ങള്‍ തേടുന്ന ദൈവം


നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു, നമുക്കൊരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും. അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേരു വിളിക്കും" (യെശയ്യാവ് 9:6). നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ യെശയ്യ പ്രവാചകന്‍ മുന്‍കൂട്ടി കണ്ട ആ പ്രവചനം. . ഓരോ കന്യകയും ആഗ്രഹിച്ചിരുന്നു ആ പ്രവചനം തങ്ങളിലൂടെ നിറവേറാന്‍, രാജകുമാരികള്‍ കാത്തിരുന്നിടത്ത് ദൈവം തിരഞ്ഞെടുത്തത് ഒരു സാധാരണ കന്യകയെ. അങ്ങനെ ദൈവം സാധാരാണക്കാരില്‍ ഒരുവളായ മറിയയുടെ ഉദിര ത്തില്‍ തച്ചനായ ജോസഫിന്റെ മകനായി  ബേത്ലേഹേം കാലിക്കൂട്ടില്‍ ജാതനായി. ദൈവത്തിന്റെ നിറവ് ഒരു ശിശുവായിത്തീ രുന്ന വിസ്മയകരമായ വസ്തുത പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍, അക്കാര്യം സംഭവിക്കുന്നതിനും 700 വര്‍ഷം മുമ്പു യെശയ്യാവ് പ്രവചിച്ചു.
             ഓരോ ക്രിസ്തുമസ് കാലവും തിരിച്ചറിയലുകളുടെയും ഓര്‍മപെടുത്തലുകളുടെയും അനുഭവം ആകണം, ദൈവത്തിനു ഒരു പദ്ധതി ഉണ്ടെന്നും അവ എങ്ങനെ നിറവേറ്റണമെന്നും നമ്മെ വ്യക്തമായി കാണിച്ചു തരുന്നത് കാണാന്‍ ഈ സംഭവ വികാസങ്ങള്‍ കാരണമാകുന്നു. യോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മറിയയുടെ അടുത്ത് ഗബ്രിയേല്‍ ദൂതന്‍ ചെന്ന് പറയുന്നു “നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും“. ഇതുവരെ പുരുഷനെ അറിയാത്ത താനെങ്ങനെ ഗര്‍ഭിണിയാകും എന്ന് മറിയ സംശയം  പ്രകടിപ്പിക്കുമ്പോള്‍ ഗബ്രിയേല്‍ പറയുന്നത് പരിശുദ്ധാത്മാവ് നിന്റെ‌മേല്‍ വരും, അത്യുന്നതന്‍റെ  ശക്തി നിന്റെ മേല്‍ നിഴലിടും" എന്നാണ്. മറിയം ദൈവദൂതന് നല്‍കുന്ന മറുപിടിയാണ് ശ്രദ്ധേയമായത് “ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ”.ദൈവ ഇഷ്ടത്തിനു വേണ്ടി  സ്വയം സമര്‍പിച്ചപോള്‍ അത്യുന്നതിയിലേക്ക്  ഉയരുന്ന കന്യകയെ ആണ് പിന്നീട് ലോകം കണ്ടത്.
                  ജനനം  ദൈവ നിശ്ചയപ്രകാരമായിരുന്നെങ്കിലും ദൈവപുത്രനു പിറക്കാന്‍ അനുയോജ്യമായ ഒരു സ്ഥലം ലഭിച്ചില്ല. വീടുകളുടെയും സത്രങ്ങളുടെയും വാതിലുകള്‍ അടഞ്ഞു കിടന്നു. വഴിപോക്കരുടെ നേര്‍ക്കു തുറന്നു കിടന്ന കാലിത്തൊഴുത്ത്‌ ദൈവപുത്രന്റെ ജന്മഗേഹമായി. അവിടെ വൈദ്യരോ പരിചാരകരോ ഉണ്ടായിരുന്നില്ല. കോട്ടയും കാവല്‍ക്കാരുമുള്ള കൊട്ടാരത്തില്‍ പിറക്കാതെ ആകാശത്തിന്റെ മേല്‍ക്കൂരയ്‌ക്കു കീഴില്‍ ദൈവപുത്രന്‍  മനുഷ്യനായി  ഉടലെടുത്തപ്പോള്‍ പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും നിരാശബാധിച്ചവര്‍ക്കും അത്‌ പ്രത്യാശയുടെ സന്ദേശവും രക്ഷയുടെ ദൂതുമായി. 
                ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥം ഉള്ള ഇമ്മാനുവേല്‍ എന്നാണ് യെശയ്യാ പ്രവാചകന്റെ പ്രവചനം 7:14 പോലെ  നാം ദൈവ പുത്രനെ പറ്റി വായിക്കുന്നത്. ഈ ക്രിസ്തുമസില്‍ ദൈവം നമ്മോടു കൂടെയുണ്ടോ?ഭൗതീക സൗകര്യങ്ങളില്‍ മനുഷ്യന്‍ സമ്പന്നനാണെങ്കിലും ഹൃദയത്തില്‍ മിക്ക മനുഷ്യരും ദരിദ്രരായിത്തീരുന്നത്‌ ദൈവജനനത്തിനു  ഹൃദയത്തില്‍ ഇടം അനുവദിക്കാഞ്ഞതുകൊണ്ടാണ്.ഹൃദയമാകുന്ന പുല്‍ക്കൂട്ടില്‍ മശിഹ  പിറക്കുമ്പോള്‍ ജീവിതത്തില്‍ സമാധാനമുണ്ടാകുന്നു.മാലിന്യമുള്ള ഹൃദയത്തിലും അശാന്തമായ മനസ്സിലും ദൈവത്തിനു വസിക്കാനാവില്ല. ലോകചരിത്രത്തില്‍ ആദ്യത്തെ പുല്‍ക്കൂട്‌ കന്യകാമറിയത്തിന്‍റെ  ഹൃദയമായിരുന്നല്ലൊ.മാതാവിനെപോലെ സഞ്ചരിക്കുന്ന പുല്‍ക്കൂടുകളായി മാറാന്‍ കഴിയുമ്പോള്‍ ജീവിതത്തില്‍ ശാന്തിയും സമാധാനവും നിറയും.

                     ഭവനങ്ങളുടെ മുന്നിലെ പുല്‍ക്കൂടുകളിലല്ല ക്രിസ്തു ജനിക്കേണ്ടത്. നമ്മുടെ ഉള്ളിലാണ് , നമ്മുടെ ഹൃദയങ്ങളിലാണ് ക്രിസ്തുജനിക്കേണ്ടത്. മദ്യംകൊണ്ട് നിറച്ച ശരീരങ്ങളില്‍ അല്ല ക്രിസ്തു ജനിക്കേ ണ്ടത് .നമ്മുടെ ഹൃദയങ്ങളെയാണ് ജോസഫ് ഒരുക്കിയതുപോലെ ഒരുക്കേണ്ടത്. ജനിച്ച അന്നുമുതല്‍ നമ്മള്‍ ഇന്നുവരെ ക്രിസ്തുമസ് ആഘോഷിച്ചിട്ടും ക്രിസ്തു നമ്മുടെ ഉള്ളില്‍ ജനിക്കാനായി നമ്മള്‍ ഹൃദയങ്ങളെ എന്നെങ്കിലും ഒരുക്കിയിട്ടുണ്ടോ? എന്റെ ഹൃദയത്തില്‍ ക്രിസ്തു ജനിച്ചിട്ടുണ്ട് എന്ന് പറയാന്‍ നമ്മളില്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഹൃദയങ്ങളില്‍ അടിച്ചുകൂടിയ പകയും വിദ്വേഷവും മാറ്റി, പശുത്തൊട്ടിയില്‍ ഉണ്ണിയെശുവിനെ കിടത്താനായി മറിയയും ജോസഫും വിരിച്ച കീറത്തുണിപോലെ , നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹമെന്ന പട്ടുതുണി വിരിക്കാം. നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്ന ദൈവപുത്രനായി, ആ മനോഹര ക്രിസ്തുമസ് അനുഭവത്തിനായി ഒരുങ്ങാം, ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍...

Thursday, November 29, 2012

Dec-1 : World AIDS Day


എയിഡ്സ് രോഗത്തോടുള്ള ചെറുത്ത് നില്‍പ്പിനു ശക്തി കൂട്ടാന്‍ വേണ്ടി 1988 ഡിസംബര്‍ ഒന്നുമുതലാണ്, ലോകാരോഗ്യ സംഘടന , ഐക്യ രാഷ്ട്ര സഭ എന്നിവയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്ന് (December 1- WORLD AIDS DAY) ലോക എയിഡ്സ് ദിനമായി ആചരിക്കപ്പെടുന്നത്.

അട
ുത്തിടെ ഇ മെയിലിലൂടെ പ്രചരിക്കുന്ന ഒരു കഥയാണിത്. ചെന്നൈയിലെ പ്രശസ്തമായൊരു തിയറ്ററില്‍ സിനിമകാണാന്‍ കയറിയ യുവാവ് സീറ്റിലിരുന്നപ്പോള്‍ എന്തോ കുത്തിയതുപോലെ. പെട്ടെന്ന് എഴുന്നേറ്റ് സീറ്റില്‍ നോക്കിയ യുവാവ് കണ്ടത് ഒരു സിറിഞ്ചും കൂടെ ഒരു കുറിപ്പുമായിരുന്നു. കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു. എയിഡ്സിന്‍റെ ലോകത്തിലേക്ക് താങ്കള്‍ക്ക് സ്വാഗതം.

ഇനി ഡല്‍ഹിയിലെ ഒരു ഡോക്ടര്‍ പറഞ്ഞ മറ്റൊരു കഥയിലേക്ക്. ഡല്‍ഹിയിലെ പ്രിയ സിനിമ തിയറ്ററില്‍ സിനിമയ്ക്ക് കയറിയ ഒരു യുവതി സീറ്റില്‍ ചാരി ഇരുന്നപ്പോള്‍ മുതുകത്ത് എന്തോ ഒന്നു കുത്തി. നോക്കിയപ്പോല്‍ ഒരു സൂചിയും കൂടെ ഒരു കുറിപ്പും. ‘എച്ച് ഐ വി കുടുംബത്തിലേക്ക് സ്വാഗതം’.

പരിഭ്രാന്തയായ യുവതി നേരെ ഡോകടറുടെ അടുത്തെത്തി പരിശോധനകള്‍ക്ക് വിധേയയായി. എച്ച് ഐ വി വൈറസ് ശരീരത്തിലെത്തിയാല്‍ തന്നെ വളരാനായി ചിലപ്പോള്‍ ആറു മാസം മുതല്‍ ആറു വര്‍ഷം വരെ എടുക്കുമെന്ന ഡോക്ടറുടെ ആശ്വാസ വചനങ്ങളൊന്നും ആ യുവതിയ്ക്ക് ആശ്വാസമായില്ല. വെറും നാലു മാസത്തിനുള്ളില്‍ ഡോക്ടര്‍ കേട്ടത് ആ യുവതിയുടെ മരണ വാര്‍ത്തയായിരുന്നു. ഭയമായിരിക്കാം യുവതിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് ഈ ഡോക്ടര്‍.

ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കാന്‍ ചിലര്‍ക്കെങ്കിലും മടിയുണ്ടാവാം. ഇതൊരു കെട്ടുകഥയായി എഴുതി തള്ളുകയുമാവാം. എന്നാല്‍ യു എന്‍ എയിഡ്സ് മിഷന്‍ ഇന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്താകെ എയിഡ്സ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടരക്കോടി (ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച്) കവിഞ്ഞു.

എച്ച് ഐ വി പോസറ്റീവാണെന്ന് സ്ഥിരീകരിച്ചവരുടെ എണ്ണമാകട്ടെ മൂന്നു കോടി 34 ലക്ഷവും. ഇതില്‍ കഴിഞ്ഞ വര്‍ഷം മാത്രം പോസറ്റീവാണെന്ന് കണ്ടെത്തിയ കേസുകള്‍ 27 ലക്ഷമാണ്. 2008ല്‍ മാത്രം 20 ലക്ഷം പേര്‍ എയിഡ്സ് മൂലം മരണമടഞ്ഞു. ഓരോ ദിവസവും പുതുതായി 7400 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എയിഡ്സ് എന്ന രോഗം എത്രമാത്രം മാരകമാണെന്ന് തെളിയിക്കുന്ന കണക്കുകളാണിതെല്ലാം.

എങ്കിലും ആശ്വാസത്തിന് ചെറിയൊരു വകയുണ്ട്. എയിഡ്സ് ഉത്ഭവിച്ചുവെന്ന് കരുതുന്ന ആഫ്രിക്കയില്‍ 2001 മുതല്‍ എച്ച് ഐ വി പോസറ്റീവാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണത്തില്‍ 25 ശതമാനത്തിന്‍റെയും ലോകത്താകെ 17 ശതമാനത്തിന്‍റെയും കുറവുണ്ടായിട്ടുണ്ട്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പുതുതയി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എയിഡ്സ് രോഗികളുടെ എണ്ണത്തില്‍ 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എയിഡ്സിനെ പൂര്‍ണമായും പ്രതിരോധിക്കാനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്രതിരോധ മരുന്നുകളുടെ വികാസം എയിഡ്സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 10 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും മുന്‍‌കരുതല്‍ എടുക്കേണ്ടത് നമ്മള്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് യു എന്നിന്‍റെ പുതിയ കണക്കുകള്‍.

1986 ല്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്‍റെ സഹകരണത്തോടുക്കൂടി ഒരു എയ്‌ഡ്‌സ് നിരീഷണകേന്ദ്രം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി വിഭാഗത്തിന്റെ കീഴില്‍ ആരംഭിച്ചു.1988ല്‍ ആണ് ആദ്യമായികേരളത്തില്‍ രോഗാണുബാധ കണ്ടെത്തിയത്. കേരളത്തില്‍ രോഗാണുബാധ ഉള്ളവരില്‍ ഭൂരിഭാഗവും ലൈംഗിക വേഴ്ചയിലൂടെ രോഗം ഏറ്റുവാങ്ങിയതാണ്. തിരുവനന്തപുരത്തെ കേരള സംസ്ഥാന എയിഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ 2010 ലെ കണക്കനുസരിച്ച് 55167 എച്ച്.ഐ.വി. അണുബാധിതര്‍ ഉണ്ട്. ഇവരില്‍, 7524 പേര്‍ക്ക് ആന്റി റെട്രോവിന്‍ചികിത്സ നല്‍കി. ഇപ്പോള്‍ 4000 പേര്‍ ചികിത്സ തുടരുകയാണ്. കേരള സംസ്ഥാന എയിഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ളഉഷസ് എന്ന പദ്ധതി വഴിയാണ് ചികിത്സ സൌജന്യമായി നല്‍കുന്നത്.
എയ്‌ഡ്‌സ് ഉണ്ടാകുന്നതെങ്ങനെ
എയ്ഡ്സ് രോഗാണുബാധയുള്ളവരുമായി ലൈംഗിക വേഴ്ചയില്‍പെടുക.
കുത്തി വിപ്പ് സൂചികള്‍ ശരിയായി ശുചീകരിക്കാതെ വീണ്ടും ഉപയോഗിക്കുക.
വൈറസ് ഉള്ള രക്തം, രക്തത്തില്‍ നിന്നും ഉണ്ടാക്കിയ വസ്തുക്കള്‍,ശുക്ലം,വൃക്ക ഇവ മറ്റൊരാളിലേക്ക് പകരുക
വൈറസ് ബാധ ഉള്ള സ്ത്രീയുടെ രക്തതില്‍ കൂടിയോ, മുലപ്പാലില്‍കൂടിയോ ശിശുവിലേക്ക് രോഗാണുക്കള്‍ പകരാവുന്നതാണ്. ഇതിനു സാധ്യത 30 ശതമാനം മാത്രമാണ്.
എയ്‌ഡ്‌സ് പ്രതിരോധനടപടികള്‍
പ്രതിരോധരംഗത്ത് രോഗബാധിതര്‍ക്കും, രോഗബാധയില്ലാത്ത പൊതുജനങ്ങള്‍ക്കും തുല്യപങ്കാണ് ഉള്ളത്. എച്ച്.ഐ.വി. രോഗാണുബാധയുള്ളവരും എയ്‌ഡ്‌സ് അവസ്ഥയിലുള്ളവരും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
വിവാഹേതര ലൈംഗികവേഴ്ചയില്‍ ഒഴിവാക്കുകയോ, സുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുക. ഉറകള്‍ ഉപയോഗിക്കുന്നതു കൊണ്ട് ഒരു പരിധിവരെ, രോഗം പകരാതിരിക്കുവാന്‍ സാധിക്കും, പക്ഷേ സമ്പൂര്‍ണ്ണ സുരക്ഷ ഇതു വാഗ്ദാനം ചെയ്യുന്നില്ല.
രോഗാണുബാധിതര്‍ രക്തം,ശുക്ലം, വൃക്ക മുതലായവ ദാനം ചെയ്യാതിരിക്കുക.
സിറിഞ്ജ്, സൂചി തുടങ്ങിയവ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല.
പല്ലു തേക്കുന്ന ബ്രഷ്,ഷേവിംഗ് ബ്ലേഡ് ഇവ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കരുത്. ഇവ ഉപയോഗിക്കുമ്പോള്‍ രക്തം പൊടിക്കാന്‍ സാധ്യതയുള്ളതു കൊണ്ടാണ്. ഈ മുന്‍കരുതല്‍എടുക്കെണ്ടത്.
എന്തെങ്കിലും ചികിത്സക്കായി ഡോക്ടറെ കാണുമ്പോള്‍ സ്വന്തം ആരോഗ്യസ്ഥിതി വെളിപ്പെടുത്തുക.കാരണം ആരോഗ്യപരിപാലകരായ ഇവര്‍ക്ക് വേണ്ടത്ര മുന്‍ കരുതല്‍ എടുക്കുവാന്‍ സാധിക്കും.
രോഗിയുടെ രക്തം നിലത്ത് വീഴാന്‍ ഇടയായാല്‍ അവിടം ബ്ലീച്ചിംഗ് പൌഡര്‍ വെള്ളത്തില്‍ കലക്കി (1.10 എന്ന അനുപാതത്തില്‍)അവിടെ ഒഴിക്കുക.അര മണിക്കുറിനു ശേഷം കഴുകി കളയാം. വസ്ത്രത്തില്‍ രക്തം പുരണ്ടാല്‍ തിളക്കുന്ന വെള്ളം ഒഴിച്ച് അരമണിക്കൂര്‍ വച്ച ശേഷം കഴുകി വൃത്തിയാക്കുക.അണുബാധിതരുടെ വസ്ത്രം ഇപ്രകാരം വൃത്തിയാക്കുമ്പോള്‍ കൈയുറകള്‍ ധരിക്കണം.
എയ്‌ഡ്‌സ് അവസ്ഥയിലുള്ള സ്ത്രീ ഗര്‍ഭിണിയാവാതിരിക്കാന്‍ശ്രദ്ധിക്കണം.
HIV ബാധിതരായവരെ തൊടുന്നതു കൊണ്ടോ, കൈകൊടുക്കുന്നത് കൊണ്ടോ, കെട്ടിപ്പിടിക്കുന്നത് കൊണ്ടോ, ആഹാരം പങ്കു വയ്ക്കുന്നത് കൊണ്ടോ ഒന്നും പകരില്ലെന്നു സാരം. ഇന്ത്യയില്‍ ഏകദേശം 85% HIV ബാധിതരിലും HIV വന്നിരിക്കുന്നത് ലൈംഗിക ബന്ധത്തിലൂടെയാണ്.
ഏത് രോഗങ്ങളും എന്നത് പോലെ തന്നെ പ്രതിരോധമാണ് ഏറ്റവും ഉത്തമം.
HIV ടെസ്റ്റിങ്ങ് ഇപ്പോള്‍ സാധാരണ എല്ലാ സര്ക്കാരാശുപത്രികളില് ഫ്രീ ആയിട്ടും, മറ്റു പ്രൈവറ്റ് ലാബ്, ആശുപത്രികളില്‍ അല്ലാതെയും ലഭ്യമാണ്. counselling കൊടുത്തതിനു ശേഷം മാത്രമെ test ആരിലും നടത്താവുള്ളുവെന്നാണ് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്നതെങ്കിലും, ചില സര്‍ക്കാര്‍ ആശുപത്രികളിലോഴികെ ഇതൊന്നും നടക്കാറില്ലെന്ന് അനുഭവം.
HIV ബാധിച്ചാല്‍ 6 മാസത്തിനകം അല്ലെങ്കില്‍ ഒരു കൊല്ലത്തിനകം മരിക്കും എന്ന് പേടിച്ച് ആത്മഹത്യ ചെയ്യുന്ന ധാരാളം ആള്‍ക്കാരുണ്ട്. ഇപ്പോള്‍ വില കുറഞ്ഞ മരുന്നുകള്‍ (Anti retroviral തെറാപ്പികള്‍- ART) ലഭ്യമായതിനാല്‍ പലരും 15-20 വര്‍ഷവും അതിലതികവും ജീവിക്കുന്നുണ്ട്. സാവകാശം രോഗപ്രതിരോധശേഷി (immunity) കുറവാകുമെന്നതിനാല്‍ ചിട്ടയായ ജീവിതവും മറ്റു രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുകയെന്നതും, ഡോക്ടറെ കാണുകയെന്നതും, ആവശ്യമെങ്കില്‍ മാത്രം ART മരുന്നുകള്‍ ഉപയോഗിക്കുകയെന്നതും HIV ബാധിച്ചു കഴിഞ്ഞാല്‍ ചെയ്യേണ്ടത് വളരെ അത്യാവശ്യ കാര്യങ്ങളാണ്. കേരളത്തിലുള്‍പ്പടെ പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുത്ത സര്‍ക്കാരാശുപത്രികളില്‍ ART പൈസ കൊടുക്കാതെ തന്നെ കൊടുക്കുന്നുണ്ട്.

ഓര്‍ക്കുക : ഏത് രോഗങ്ങളും എന്നത് പോലെ തന്നെ പ്രതിരോധമാണ് ഏറ്റവും ഉത്തമം.

Tuesday, November 13, 2012

ഒരു നവംബര്‍ 14 കൂടി

വീണ്ടും ഒരു നവംബര്‍ 14 കൂടി, ഇന്ന് ശിശുദിനം ആയി നാം കൊണ്ടാടുമ്പോള്‍ അതിനോടൊപ്പം പ്രാധാന്യം ഉള്ള മറ്റൊരു ദിനം കൂടി ആണ്, ലോക പ്രമേഹരോഗ ദിനം(world diabetes day).

എല്ല ദിവസവും കുട്ടികള്‍ക്കാവണമെന്നതാണ്‌ ഈ ശിശുദിനത്തിന്റെ സന്ദേശം.വിരിയുന്ന ഓരോ

പൂവിന്നും , പുലരുന്ന ഓരോ പ്രഭാതത്തിന്നും ഓരോ സന്ദേശം ഉള്ളതുപോലെ ഓരോ ശിശുദിനത്തിന്നും മഹത്തായ സന്ദേശമുണ്ട്‌..ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തിലാണ്‌ നാം ഇന്ത്യയില്‍ ശിശുദിനം കൊണ്ടാടുന്നത്‌.പണ്ഡിറ്റ്ജി തന്റെ സകല പിരിമുറുക്കങ്ങളും പ്രയാസങളും മറന്നിരുന്നത് ‌ കുഞ്ഞുങ്ങളോടോപ്പം കളിച്ച് രസിച്ച് ഉല്ലസിക്കുമ്പോഴായിരുന്നു. ജീവിതാന്ത്യം വരെ ആ മഹാന്‍ ഇന്ത്യയിലെ 'വലിയ കുട്ടി ' തന്നെയായിരുന്നു. ഗൗരവമാര്‍ന്ന രാജ്യകാര്യങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്ന് മനസ്സിന്ന് ശാന്തിയും സമാധാനവും സന്തോഷവും നല്‍കിയിരുന്നത്‌ കുട്ടികളോടോപ്പം കളിച്ച് രസിച്ച് നടക്കുമ്പോഴായിരുന്നു.ഇന്ന് ഇന്ത്യയിലെ കുട്ടികള്‍ അഭിമുഖികരിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ബാലവേലകൊണ്ടുള്ള പീഡനം, പട്ടിണി, രോഗങ്ങള്‍,പോഷകാഹാരങ്ങളുടെ കുറവ്‌,സുരക്ഷിതത്വമില്ലായ്മ,വിദ്യാഭ്യാസത്തിന്റെ അപര്യപ്തത ഇങ്ങിനെ നീണ്ടുപോകുന്നു ആ പട്ടിക. മാത്രമല്ല ഇന്ന് കുട്ടികള്‍ക്കുനേരെയുള്ള ലൈഗിക പീഡനങള്‍ കൂടിക്കൊണ്ടിരിക്കുകയാണ് കൂടാതെ തീവ്രവാദികളും കുട്ടികളെ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി വ്യാപകമായി ഉപയോഗിക്കുന്നു.. ശിശുദിനം അര്‍ഥപൂര്‍ണ്ണമാകണമെങ്കില്‍ കുട്ടികളുടെ ശാരീരികവും മാനസികുവുമായ വളര്‍ച്ചക്കും അവരുടെ ക്ഷേമത്തിന്നും പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക്‌ കഴിയണം, അതിനായിട്ട്‌ നമുക്ക് പ്രാര്‍ത്ഥിക്കാം.

അതുപോലെ തന്നെ ഇന്ന് ലോകം പ്രമേഹ രോഗ ദിനം ആയി ആചരിക്കുന്നു.ഇന്ന് ലോകത്താകമാനമായി 250 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ഒരു നിമിഷംപോലും പാഴാക്കാതെ ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങള്‍ ഉടനടി അവലംബിച്ചില്ലെങ്കില്‍ 2025 ആകുന്നതോടെ പ്രമേഹബാധിതര്‍ 380 ദശലക്ഷമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിഭാഗം നല്‍കുന്നത്.

40.9 ദശലക്ഷം പ്രമേഹരോഗികളുള്ള ഇന്ത്യ പ്രമേഹത്തിന്റെ ലോകതലസ്ഥാനമെന്ന വിശേഷണത്തിന് അര്‍ഹമാണ്. കേരളത്തിലെ നാല്പത് ലക്ഷം പ്രമേഹരോഗികളില്‍ പത്തുലക്ഷം പേര്‍ക്ക് രോഗമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നതും ദുഃഖകരമാണ്.

പ്രമേഹത്തെ പ്രതിരോധിക്കാന്‍ രോഗലക്ഷണങ്ങള്‍ എന്തെന്ന് അറിയണം. നിങ്ങള്‍ക്ക് താഴെപ്പറയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പ്രമേഹരോഗിയാവാന്‍ സാധ്യതയുണ്ട്- വര്‍ധിച്ച മൂത്രശങ്ക, അമിത ദാഹം, വിശപ്പ്, ഭാരക്കുറവ്, തളര്‍ച്ച, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നത്, ഓക്കാനവും വയറുവേദനയും കൈകാലുകളില്‍ തരിപ്പ്, ഉണങ്ങിവരണ്ട നാവ്, കാഴ്ചക്കുറവ്, തുടരെ തുടരെയുള്ള അണുബാധ, കരിയാന്‍ വൈകുന്ന മുറിവുകള്‍ ഇതെല്ലാം പ്രമേഹ രോഗബാധിതരില്‍ സാധാരണമായി കാണുന്നു.

പ്രമേഹത്തിലേക്ക് നിങ്ങളെ തള്ളിവിടുന്ന ആപത്ഘടകങ്ങള്‍ പലതാണ്. അമിതവണ്ണം, വ്യായാമരാഹിത്യം, അപഥ്യ ഭക്ഷണശൈലി, വാര്‍ധക്യം, അമിത കൊളസ്‌ട്രോളും പ്രഷറും, പാരമ്പര്യം, പ്രസവാനന്തര പ്രമേഹബാധ തുടങ്ങിയവയെല്ലാം കാലാന്തരത്തില്‍ നിങ്ങളെ ഒരു പ്രമേഹരോഗിയാക്കിമാറ്റുന്നു.

പ്രമേഹരോഗികള്‍ മൃത്യുവിനിരയാകുന്ന പ്രധാനകാരണങ്ങള്‍ ഹൃദ്രോഗം, വൃക്കകളുടെ അപചയം, അമിതരക്തസമ്മര്‍ദം എന്നിവയാണ്. അതിസങ്കീര്‍ണമായ ആ രോഗാവസ്ഥകളൊക്കെത്തന്നെ പ്രമേഹത്തിന്റെ പ്രത്യാഘാതഫലമായി ഉണ്ടാകുന്നു. പ്രമേഹരോഗികളില്‍ 80 ശതമാനം പേരും മരണപ്പെടുന്നത് ഹൃദയധമനീരോഗങ്ങളാലാണ്. പ്രമേഹരോഗികള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണ്.

പ്രമേഹം കണ്ടെത്താനുള്ള രക്തപരിശോധന 45 വയസ്സിനു ശേഷം ചെയ്തുതുടങ്ങാ നാണ് പൊതുവെയുള്ള നിര്‍ദ്ദേശം. എന്നാല്‍, ഭാരതം പോലെ പ്രമേഹസാധ്യത കൂടിയ പ്രദേശത്ത് 30 വയസ്സു മുതല്‍ വര്‍ഷത്തി ലൊരിക്കലെങ്കിലും പരിശോധന നടത്തണം. എങ്കില്‍ മാത്രമേ പ്രമേഹം പ്രാരംഭദിശയി ല്‍ തന്നെ കണ്ടുപിടിക്കുവാന്‍ കഴിയുക യുള്ളൂ. പ്രമേഹം വന്ന് 5-10 വര്‍ഷങ്ങള്‍ക്കു ശേഷം ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ മാത്രമാണ് ഇന്ന് പല രും രക്തപരിശോധന തുടങ്ങുന്നത്. നമുക്ക് നമ്മുടെ ചുറ്റും ഉള്ള രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കാം, സ്വയം പ്രതിരോധിക്കാം

Wednesday, September 5, 2012

അധ്യാപക ദിനം


സെപ്‌റ്റംബര്‍ 5 - അധ്യാപനത്തിന്റെ ആചാര്യനായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനം. അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവര്‍ണദിനം. ഭാരതീയ സംസ്‌കാരത്തിന്റെയും വിജ്‌ഞാപനത്തിന്റ
െയും ആഴങ്ങളിലൂടെ തീര്‍ഥയാത്ര നടത്തിയ മഹാനായ ഡോ. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു.

പ്രശസ്‌തനായ എഴുത്തുകാരന്‍, പക്വമതിയായ രാഷ്‌ട്രതന്ത്രജ്‌ഞന്‍, ഉജ്വല വാഗ്മി, നവഭാരതത്തിന്റെ സ്‌നേഹനിധിയായ രാഷ്‌ട്രപതി, സ്വാമി വിവേകാനന്ദനെയും ടാഗോറിനെയും അനുഗമിച്ച മുനികുമാരന്‍, കളങ്കമറ്റ രാജ്യസ്‌നേഹി, തലമുറകളെ അക്ഷരജ്യോതിസുകൊണ്ട്‌ പുണ്യം ചെയ്യിച്ച ജ്‌ഞാനപ്രവാഹം, അങ്ങനെ അണിയാനും അണിയിക്കാനും അദ്ദേഹത്തിന്‌ എത്രയെത്ര വിശേഷണങ്ങള്‍.1952ല്‍ ആദ്യ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി.

ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു.

“നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ.” തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.

ഭാരതീയരായ നാം 'മാതാ-പിതാ-ഗുരു ദൈവം' എന്ന്‌ പഠിക്കുന്നവരാണല്ലോ. നമ്മുടെ സംസ്‌കാരവും ചൈതന്യവും ഗുരുക്കന്മാര്‍ക്ക്‌ കല്‍പിച്ചു നല്‍കിയിട്ടുള്ള സ്‌ഥാനവും ഔന്നത്യവും സാമൂഹ്യനിര്‍മിതിയില്‍ അവര്‍ക്കുള്ള നിര്‍ണായക ഉത്തരവാദിത്വവും നാം മനസിലാക്കണം.മൂല്യബോധമുള്ള ഒരു തലമുറയുടെ രൂപീകരണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണം. മൂല്യങ്ങള്‍ പറഞ്ഞ്‌ പഠിപ്പിക്കാന്‍ സാധിക്കുകയില്ല. മൂല്യങ്ങള്‍ അധ്യാപകരില്‍നിന്നും കുട്ടികള്‍ സ്വായത്തമാക്കണം. അധ്യാപകര്‍തന്നെയാണ്‌ മൂല്യം. കുട്ടിയുടെ ആത്മാവിനെ പ്രചോദിപ്പിക്കുന്ന നിര്‍മലവും സത്യസന്ധവുമായ പാഠങ്ങളാണ്‌ പ്രാഥമിക കളരികളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കേണ്ടത്‌.

വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുക, അവരെ വളര്‍ത്തിക്കൊണ്ടുവരിക, പുതുമമങ്ങാതെ പഠിപ്പിക്കുക, വഴികാട്ടിയാകുക ഇതൊക്കെയാണ്‌ അധ്യാപകന്റെ വിളിയും ദൗത്യവും. അധ്യാപനം തപസ്യയായി ഏറ്റെടുത്തവര്‍ക്കേ ഈ ബാധ്യത നിറവേറ്റാന്‍ സാധിക്കൂ. സ്‌നേഹവും സഹാനുഭൂതിയുമാണ്‌ അധ്യാപകന്റെ മുഖമുദ്ര. അര്‍പ്പണബോധമുള്ള അധ്യാപകന്‌ ധാരാളം വായിക്കാനും തയാറെടുക്കുവാനും സമയം വേണമെന്നിരിക്കെ ബിസിനസു കാര്യത്തിനും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനും സമയം കണ്ടെത്താനാവില്ല. സിലബസില്‍ മാത്രം ഒതുങ്ങുന്നതല്ല അധ്യാപനം. ആഴമേറിയ അറിവും വിശാലദര്‍ശനവും അതിന്‌ അനിവാര്യമാണ്‌.

''അധ്യാപകര്‍ സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്ന വിളക്കായിരിക്കണം. കഠിനാധ്വാനിയും വിശാല മനസ്‌കനും ആയിരിക്കണം. അധ്യാപകന്‍ കെട്ടിനില്‍ക്കുന്ന ജലാശയത്തിനു പകരം ഒഴുകുന്ന ഒരരുവിയാകണം'' ഇതായിരുന്നു അധ്യാപനത്തോടുള്ള ഡോ. രാധാകൃഷ്‌ണന്റെ കാഴ്‌ചപ്പാട്‌. വിജ്‌ഞാനത്തിന്റെ പുത്തന്‍പാതകള്‍ തുറന്ന്‌ വിദ്യാര്‍ഥികളെ പ്രകാശപൂരിതമാക്കാന്‍ അധ്യാപക സമൂഹത്തിനാകട്ടെ എന്ന്‌ ഈ സുദിനത്തില്‍ നമുക്ക്‌ പ്രതിജ്‌ഞയെടുക്കാം.