കലയുടെയും കച്ചവടത്തിന്റെയും സമര്‍ത്‌ഥമായ സംയോജനം ഒരു 'വെറുതെ ഒരു ഭാര്യ'യിലൊഴിച്ച് മറ്റൊരു സിനിമയിലും ദര്‍ശിക്കാനായില്ല. കഥാഘടനയെ മലയാളിയുടെ ജീവിതമണ്‌ഡലത്തില്‍ തളച്ചിടുകയും സ്‌ക്രീനില്‍ അനുനിമിഷം മായുന്ന രംഗങ്ങള്‍ അവന്റെ നിറകണ്‍ചിരിയുടെ ധാരാളിത്തംകൊണ്ട് വിലോഭനീയമാകുകയും ചെയ്യുമ്പോഴാണ് നല്ല സിനിമകള്‍ പിറക്കുന്നത്. എന്നാല്‍ പോയവര്‍ഷത്തെ സിനിമാപ്രവര്‍ത്തകര്‍ സിനിമയിലെ കലാംശത്തെ കൈയൊഴിഞ്ഞ്, അതിനെ വെറുമൊരു തൊഴില്‍മേഖല മാത്രമാക്കി, അവിടെ താന്താങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍ വാക്കുകള്‍കൊണ്ടും വിലക്കുകള്‍കൊണ്ടും പിടിവിട്ട കളിയിലേര്‍പ്പെടുകയായിരുന്നു.
ദിലീപും തുളസീദാസും വിനയനും പട്ടണം റഷീദും സിദ്ദിഖും തിലകനും നെടുമുടി വേണുവുമൊക്കെ വാക്കാലും പ്രവൃത്തിയാലും നടത്തിയ സംഘര്‍ഷങ്ങള്‍ സ്വതവേ ദുര്‍ബലമായ നമ്മുടെ സിനിമയെ അടിക്കടി അവിഹിതഗര്‍ഭത്തിന് പ്രേരിപ്പിക്കുകയായിരുന്നു. അങ്ങനെ പെറ്റുവീണ ചാപിള്ളകളായിരുന്നു പോയവര്‍ഷത്തെ മിക്ക സിനിമകളും. വിലക്കുകളില്‍നിന്നും പോര്‍വിളികളില്‍നിന്നും ഒഴിഞ്ഞുനില്‌ക്കുന്ന നേരത്ത് നേരമ്പോക്ക്‌പോലെ ചെയ്‌ത പ്രസ്‌തുത സിനിമകളൊക്കെ ജനപ്രിയ ചിത്രങ്ങള്‍ക്ക് പിതാമഹര്‍കുറിച്ച സൂത്രവാക്യങ്ങളില്‍നിന്ന് തെല്ലിടപോലും വ്യതിചലിക്കാത്തവയായിരുന്നു.
ഗതകാലങ്ങളില്‍, സിനിമയില്‍നിന്ന് ടെലിവിഷന്‍ കടംവാങ്ങിയ കാലഹരണപ്പെട്ട പ്രമേയങ്ങള്‍ പോയവര്‍ഷം സിനിമയിലേക്കുതന്നെ തിരിച്ചെത്തി. സൗഹൃദവും പ്രണയവും ദാമ്പത്യവും വേര്‍പിരിയലുകളുമൊക്കെ തന്നെ ഹൈടെക് യുഗത്തിലും നമ്മുടെ വെള്ളിത്തിരയ്‌ക്ക് പഥ്യം. ബോളിവുഡ്-കോളിവുഡ് വിസ്‌മയങ്ങളുടെ ശ്രേണിയില്‍ തുടങ്ങുന്ന മിക്ക സിനിമകളും പുറത്തിറങ്ങുമ്പോള്‍ കൊടിയ ദാരിദ്ര്യത്തിന്റെ (പ്രമേയ പ്രതിഭകളുടെ) ശോഷിച്ച പതിപ്പുകള്‍ മാത്രമാവുന്നു. പരുത്തിവീരനും മൃഗവും സുബ്രഹ്‌മണ്യപുരവുമൊക്കെ വിരുന്നിനെത്തുമ്പോള്‍ മാത്രം ആര്‍ത്തി തീരുന്നവരായി മാറിക്കഴിഞ്ഞിരിക്കുന്നു മലയാളിപ്രേക്ഷകര്‍. എങ്കിലും വിശപ്പ് അക്രമാസക്‌തമാവുന്ന നിമിഷങ്ങളില്‍ തുപ്പല്‍കോളാമ്പിയിലാണ് വിളമ്പിയതെങ്കിലും പുഴുവരിച്ച കഞ്ഞി അവന്‍ കോരിക്കുടിച്ചുകൊണ്ട് മഹത്തരമെന്ന് വിളിച്ചുകൂവുന്നു.
മാടമ്പിമാര്‍ക്കും അണ്ണന്‍തമ്പിമാര്‍ക്കും കിങ്കരന്‍മാര്‍ക്കുമൊക്കെ കൊട്ടിഘോഷിക്കാനും പ്രതിഫലം കൂട്ടാനും വേറെന്ത് വേണം? കോടികള്‍ മുടക്കിയെടുക്കുന്ന ചലച്ചിത്രത്തിന്റെ വിജയത്തിനുവേണ്ടി ലക്ഷങ്ങള്‍പോലും വേണ്ടാത്ത പബ്ലിസിറ്റിവര്‍ക്കുകള്‍ ചെയ്യില്ലെന്ന് ശഠിക്കുന്ന നിര്‍മാതാക്കള്‍, നാട്ടിന്‍പുറത്തെ നായകനും നായികയും അസ്‌തമയം കാണുന്നത് ഇംഗ്ലീഷ് ചാനലിന്റെ തീരത്തോ കരീബിയന്‍ കടല്‍പ്പുറത്തോ മതിയെന്ന് ശഠിക്കുന്ന സംവിധായകര്‍, രണ്ടക്ഷരമെഴുതി ക്ലിക്കായാല്‍ സംവിധായക മോഹംകൊണ്ട് കിക്കാവുന്ന തിരക്കഥാകൃത്തുക്കള്‍, ഓരോ പടം കഴിയുംതോറും പ്രതിഫലത്തുകയുടെ വലതുഭാഗത്ത് പൂജ്യങ്ങളുടെ എണ്ണം കൂട്ടുന്ന താരങ്ങള്‍ എന്നിങ്ങനെ ഒരു പറ്റം ഹൃദയശൂന്യരും സര്‍വോപരി മഠയന്‍മാരുമായ ഒരു കൂട്ടമാളുകളുമായി നിരന്തര വേഴ്‌ചകളിലേര്‍പ്പെട്ട് നമ്മുടെ 'സിനിമാ പെണ്‍കൊടി' ലൈംഗികരോഗം ബാധിച്ചവളെപ്പോലെ ക്ഷീണിതയും ശയ്യാവലംബിയുമായിരിക്കുന്നു.
2008 ലും അവളുടെ രോഗം മൂര്‍ച്‌ഛിച്ചതല്ലാതെ താത്‌ക്കാലികമായിപ്പോലും ശമിച്ചിട്ടില്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. എങ്കിലും ഒരു സമാശ്വാസംപോലെ പ്രതിഭയുടെ ചില മിന്നലാട്ടങ്ങള്‍ പോയ വര്‍ഷവും ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു. അത്തരം ചിത്രങ്ങളിലൂടെ....
ബെസ്‌റ്റ് 10
സ്വര്‍ണം, ലാപ്‌ടോപ്പ്, വെറുതേ ഒരു ഭാര്യ, അടയാളങ്ങള്‍, തിരക്കഥ, രാത്രിമഴ, പകല്‍ നക്ഷത്രങ്ങള്‍, മിഴികള്‍ സാക്ഷി, സൈക്കിള്‍, മാടമ്പി എന്നീ ചിത്രങ്ങള്‍ വിജയക്കുതിപ്പിന്റെയും വിഷയസ്വീകരണത്തിന്റെയും അടിസ്‌ഥാനത്തില്‍ പോയ വര്‍ഷത്തെ മികച്ച പത്ത് ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.
അമ്മ-മകന്‍ ബന്‌ധത്തിലെ വൈജാത്യങ്ങള്‍ വൈകാരികമായൊരു ട്രീന്റ്‌മെന്റില്‍ ഒരുക്കിയ മാടമ്പി പുതുമയാര്‍ന്ന പ്രമേയത്തിനപ്പുറം സത്യസന്‌ധമായതും അച്ചടക്കപൂര്‍ണവുമായ ചിത്രീകരണംകൊണ്ടാണ് വന്‍വിജയം നേടിയത്. ആദ്യന്തം സംഘര്‍ഷമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതെങ്കിലും മികച്ച സംവിധായകന്റെ കൈയൊപ്പ്‌കൊണ്ട് വ്യതിരിക്‌തമായിരുന്നു ചിത്രം.
ക്ലാസ്‌മേറ്റില്‍ പ്രകടമാക്കിയ കഥപറച്ചിലിന്റെ സൂക്ഷ്‌മത സൈക്കിളിലും തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ട് നിലനിര്‍ത്തി. മനുഷ്യജീവിതങ്ങള്‍ നിയതമായൊരു പരിവൃത്തിയിലൂടെ നീങ്ങുന്നുവെന്ന് രസകരവും ഉദ്വേഗഭരിതവുമായ കൊച്ചുകഥയിലൂടെ സരളമായി ആഖ്യാനം ചെയ്യാന്‍ ജോണി ആന്റണിയുടെ സംവിധായകപ്രതിഭയ്‌ക്ക് എളുപ്പം സാധിച്ചു. അനാവശ്യ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും സൃഷ്‌ടിക്കുന്ന ദുര്‍മേദസില്‍നിന്നും പൂര്‍ണമായും ഒഴിഞ്ഞുനിന്ന ചിത്രം പോയ വര്‍ഷത്തെ ആദ്യവിജയമായിരുന്നു. ഗായകന്‍ വിനീത് ശ്രീനിവാസന്റെ നായകസാന്നിദ്ധ്യമായിരുന്നു സൈക്കിളിന്റെ മറ്റൊരു ആകര്‍ഷണം.
അതേ സമയം കാലികവും നൂതനവുമായൊരു പ്രമേയം എങ്ങനെ സ്വീകരിക്കപ്പെടുമെന്നതിന്റെ ഉത്തമ ദൃഷ്‌ടാന്തമായിരുന്നു 'വെറുതേ ഒരു ഭാര്യ' നേടിയ വന്‍വിജയം.
രൂപേഷ്‌പോള്‍ സുഭാഷ്‌ചന്ദ്രന്റെ പറുദീസാ നഷ്‌ടത്തിന് 'ലാപ്‌ടോപ്പ്' എന്ന പേരില്‍ നല്‍കിയ ചലച്ചിത്രഭാഷ്യം 'ഈഡിപ്പസ് കോംപ്ലക്‌സ് എന്ന അവസ്‌ഥയുടെ സിനിമാറ്റിക് ആയ അവതരണമായിരുന്നു. സംഭാഷണങ്ങള്‍ കുറച്ചുകൊണ്ട് 'ഇമേജു'കള്‍ക്ക് പ്രാമുഖ്യം നല്‍കിയ ലാപ്‌ടോപ്പില്‍ ചീനവലയോളം ഏകാന്തത അനുഭവിക്കുന്ന വാര്‍ധക്യങ്ങള്‍ യഥാതഥമായി ആവിഷ്‌കരിച്ചിരുന്നു. ചിത്രീകരണം തുടങ്ങുമ്പോള്‍തന്നെ 'ആര്‍ട്ട്' എന്ന് മുദ്രകുത്തപ്പെട്ട ഈ സിനിമ രണ്ടു ദിനങ്ങള്‍കൊണ്ട് തീയേറ്റര്‍ജീവിതത്തിന് വിരാമമിട്ടു. ശ്വേതാമേനോനും സുരേഷ്‌ഗോപിയും മികച്ച പ്രകടനം നല്‍കിയ ലാപ്‌ടോപ്പിന്റെ തിരക്കഥ സംവിധായകപത്‌നി ഇന്ദുമേനോന്‍ ആയിരുന്നു. അസാധാരണമെന്ന് തോന്നത്തക്കവിധത്തിലുള്ള 'ഇഴച്ചില്‍' ആണ് പ്രേക്ഷകരെ ഈ മനോഹരസൃഷ്‌ടിയില്‍നിന്ന് അകറ്റിയത് എന്നു തോന്നുന്നു.
സംസ്‌ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ എം.ജി. ശശി സംവിധാനം ചെയ്‌ത അടയാളങ്ങള്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ പ്രേക്ഷകപ്രതീക്ഷകള്‍ അല്‌പമൊക്കെ അണഞ്ഞുപോയെങ്കിലും നന്തനാര്‍ എന്ന മഹാസാഹിത്യകാരന്റെ ജീവിതാവിഷ്‌കാരത്തിലൂടെ ആയിരത്തിത്തൊള്ളായിരത്തി നാല്‌പതുകളിലെ രാഷ്‌ട്രീയ സാമൂഹികാവസ്‌ഥകളുടെ സത്യസന്‌ധമായൊരു രേഖാചിത്രം വരച്ചിടാന്‍ സംവിധായകന് സാധിച്ചു. പോപ്പുലര്‍ സിനിമ പടിയടച്ച് പിണ്‌ഡംവച്ച 'ദാരിദ്ര്യം' എന്ന അവസ്‌ഥ അടയാളങ്ങളില്‍ അതിതീവ്രമായി കോറിയിടാനും ശശി മറന്നില്ല. സാഹിത്യകാരനായ നന്തനാരല്ല മറിച്ച് കൗമാരക്കരനായ നന്തനാരായിരുന്നു ചിത്രത്തിന്റെ ആഖ്യാനബിന്ദു.
പരിമിതമായ ബജറ്റിനുള്ളില്‍ ഒതുങ്ങിനിന്ന് ഭീകരവാദത്തിനെതിരെ കാലോചിതമായ ചില ചോദ്യങ്ങളുന്നയിച്ച മിഴികള്‍ സാക്ഷി, ഹരികൃഷ്‌ണനും മീരയും തമ്മിലുള്ള പ്രണയത്തിനും പ്രണയഭംഗങ്ങള്‍ക്കും ശില്‌പഭദ്രമായ ആഖ്യാനംനല്‍കിയ രാത്രിമഴ എന്നീ ചിത്രങ്ങളും വിജയകഥകള്‍ പറഞ്ഞില്ലെങ്കിലും പ്രേക്ഷകര്‍ക്ക് നയനസുഖം പകരുന്നതില്‍ നല്ല പങ്ക് വഹിച്ചു.
ശീരുവാണിപ്പുഴയിലെ സ്വര്‍ണനിക്ഷേപം കണ്ടെത്താന്‍ പ്രയത്‌നിക്കുന്ന ദിവാകരന്റെ കഥ പറഞ്ഞ സ്വര്‍ണം കഥയുടെ വൈവിധ്യവും ഉള്‍ക്കരുത്തുംകൊണ്ട് പൂര്‍ണമായും വിജയം അര്‍ഹതപ്പെട്ട ചിത്രമായിരുന്നു. ഒരു കണ്ണീര്‍ക്കഥയെ കലാംശം ചോര്‍ന്നുപോകാതെ പ്രേക്ഷകരുടെ നെഞ്ചുരുക്കുംവിധം അവതരിപ്പിക്കാന്‍ സംവിധായകന്‍ വേണുഗോപനും തിരക്കഥാകൃത്ത് സുരേഷ്‌ബാബുവിനും സാധിച്ചു. മണി, പ്രവീണ, ജഗതി എന്നിവരോടൊപ്പം ബേബി നയന്‍താരയും അമ്പരപ്പിക്കുന്ന പ്രകടനം സ്വര്‍ണത്തില്‍ കാഴ്‌ചവച്ചു. സമീപ കാലങ്ങളിലെ മണിസിനിമകള്‍ നേരിട്ട പ്രേക്ഷകദൗര്‍ലഭ്യം ഈ വ്യത്യസ്‌ത സംരംഭത്തിനും വിനയാകുകയായിരുന്നു.
രാജീവ്‌നാഥ് സംവിധാനം ചെയ്‌ത 'പകല്‍ നക്ഷത്രങ്ങളു'ടെ തിളക്കം കുറയ്‌ക്കുന്ന ഏക ഘടകം കുറഞ്ഞ മുതല്‍മുടക്ക് മാത്രമായിരുന്നു. എങ്കിലും അനൂപ്‌മേനോന്റെ തിരക്കഥയിലെ കവിതതുളുമ്പുന്ന ഭാഷണങ്ങളും അതിന് മോഹന്‍ലാല്‍ നല്‍കിയ ഭാവഗരിമയും ഒരു പരിധിവരെയെങ്കിലും മേല്‍പ്പറഞ്ഞ ഘടകത്തെ ഇല്ലായ്‌മ ചെയ്‌തെന്ന് പറയാം. 'എക്‌സിന്‍ട്രിക്' ആയ ഡയറക്‌ടര്‍ സിദ്ധാര്‍ത്‌ഥനായി ലാല്‍ പോയവര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനമാണ് പകല്‍ നക്ഷത്രങ്ങളില്‍ നല്‍കിയത്. രഞ്‌ജിത് ഒരുക്കിയ തിരക്കഥ എണ്‍പതുകളിലെ സിനിമാലോകത്തേക്കുള്ള നൊസ്‌റ്റള്‍ജിക് ആയ തിരിച്ചുപോക്കായിരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ പോയവര്‍ഷം പ്രേക്ഷകകാമനകള്‍ സ്വാര്‍ത്‌ഥകമാക്കുന്ന വിധം അങ്ങിങ്ങായി ചില വെട്ടങ്ങള്‍ കാണാമെങ്കിലും 'ദി ബെസ്‌റ്റ്' എന്ന് എല്ലാ അര്‍ത്‌ഥത്തിലും ചൂണ്ടിക്കാണിക്കാനൊരു ചലച്ചിത്രകാവ്യം പോയവര്‍ഷം പിറന്നുവീണിട്ടില്ലെന്നുതന്നെ പറയാം. ചുരുക്കത്തില്‍ 2008-ല്‍ മലയാളസിനിമ സീറോ ബാലന്‍സില്‍ ഒരു അക്കൗണ്ട് തുറക്കുകയായിരുന്നു. മികവുറ്റ സൃഷ്‌ടികള്‍കൊണ്ട് വരുംവര്‍ഷത്തിലെങ്കിലും നമ്മുടെ സിനിമയുടെ അക്കൗണ്ട് നിറയുമെന്ന് പ്രത്യാശിക്കാം.
മോഹന്‍ലാല്‍
പിന്നിട്ട അഭിനയ സപര്യയില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ ചില കഥാപാത്രങ്ങളുണ്ട്. തിരിച്ചും മറിച്ചും ഏങ്കോണിച്ചും നില്‍ക്കുന്ന കഥാസന്ദര്‍ഭങ്ങളുടെ കൃഷിയിടങ്ങളില്‍ അത്തരം കഥാപാത്രങ്ങള്‍ വീണ്ടും വീണ്ടും വിളയുന്നത് കാണാം. പുതിയ പേരുകളുമായി അങ്ങനെ കുറച്ചു പേര്‍ 2008 ലും വെള്ളിത്തിരയിലുണ്ടായിരുന്നു. കോളജ്‌കുമാരന്‍, മാടമ്പി, കുരുക്ഷേത്ര, ചിന്താവിഷയം, ട്വന്റി 20 തുടങ്ങിയ ചിത്രങ്ങളില്‍. ഹൃദയാലുവും ധീരോദാത്തനുമായ കുമാരന്‍ കോളജില്‍ കാന്റീന്‍ നടത്തുമ്പോള്‍ അറുപിശുക്കനും പലിശക്കാരനുമായ ഗോപാലകൃഷ്‌ണപിള്ള വീടും നാടും ഒരു മാടമ്പിയെപ്പോലെ ഭരിക്കുകയാണ്. ഇരുവരും പലരാലും തെറ്റിദ്ധരിക്കപ്പെടുകയും ഒടുവില്‍ സത്യം മറനീക്കി പുറത്തുവരികയും ചെയ്യുന്നു. വെറുത്തവരൊക്കെ പിന്നെ നായകനോട് മാപ്പിരക്കുന്നു. ഒരേ കഥയാണ് മാടമ്പിയും കോളജ്‌കുമാരനും പറഞ്ഞതെങ്കിലും കുമാരന്‍ പരാജയപ്പെടുകയും മാടമ്പി വിജയിക്കുകയും ചെയ്‌തു.
ട്വന്റി 20-യിലെ ദേവരാജവര്‍മ അടി, ഇടി, സഹോദരസ്‌നേഹം, പക എന്നിങ്ങനെ 'ഫാന്‍സ്' ഈ നടനില്‍നിന്ന് പ്രതീക്ഷിക്കുന്ന സ്‌ഥിരം ചേരുവകള്‍ ചേര്‍ത്തുണ്ടാക്കിയ വിഭവം ആയിരുന്നു. പോസ്‌റ്ററില്‍ പ്രാമുഖ്യമില്ലെന്ന് പറഞ്ഞ് മനംനൊന്ത ലാലേട്ടന്റെ ആരാധകര്‍ക്ക് ചിത്രം പുറത്തിറങ്ങിയപ്പോള്‍ വര്‍മയുടെ ആസുരഭാവങ്ങള്‍ നന്നായി സുഖിച്ചു.
ചിന്താവിഷയത്തിലെ ജി.കെ.യ്‌ക്ക് ചിത്രത്തില്‍ ഒരു ധര്‍മംമാത്രം. പിണങ്ങിപ്പിരിഞ്ഞുനില്‍ക്കുന്ന മൂന്ന് പെണ്ണുങ്ങളെ കെട്ട്യോന്റെ വീട്ടിലേക്ക് തിരിച്ചയക്കുക. പ്രസ്‌തുത ലക്ഷ്യത്തിനുവേണ്ടി എടുത്താല്‍ പൊങ്ങാത്ത ശരീരവും പേറി മീരാജാസ്‌മിനോടൊപ്പം പൈങ്കിളി പാട്ടുകള്‍പാടി ചിത്രത്തില്‍ ആദ്യാവസാനം മലയാളത്തിന്റെ മഹാനടന്‍ പാടുപെടുമ്പോള്‍ സത്യന്റെ ഗ്രാമീണോല്‌പന്നം ബഹിഷ്‌കരിച്ചുകൊണ്ട് പ്രേക്ഷകര്‍ തീയേറ്ററില്‍നിന്ന് രായ്‌ക്ക്‌രാമാനും രക്ഷപ്പെടുകയായിരുന്നു.
കീര്‍ത്തിചക്രയുടെ തുടര്‍ച്ചയായി എത്തിയ കുരുക്ഷേത്ര ആദ്യവാരങ്ങളില്‍ നല്ല കളക്‌ഷന്‍ നേടിയെങ്കിലും തുടര്‍ന്ന് കാലിടറുകയായിരുന്നു. തോക്കുകള്‍ കഥ പറഞ്ഞ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കേണല്‍ മഹാദേവന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
കെ.പി. കുമാരന്റെ ആകാശഗോപുരത്തിലെ ആല്‍ബര്‍ട്ട് സാംസണ്‍ മോഹന്‍ലാലിന്റെ മികച്ച കഥാപാത്രമാവാതിരുന്നതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം സംവിധായകന് തന്നെയാണ്. വൈദേശിക പശ്‌ചാത്തലമുള്ള നാടകരൂപത്തിന് സിനിമയുടെ തനിമ പകരാന്‍ സംവിധായകന് കഴിയാതിരുന്നപ്പോള്‍ കോടികളുടെ മുതല്‍മുടക്കുള്ള ആകാശഗോപുരം സിനിമയുമല്ല നാടകവുമല്ല എന്ന അവസ്‌ഥയിലായി. ചിത്രത്തിലെ കഥാപാത്രങ്ങള്‍ ശക്‌തമായിരുന്നെങ്കിലും നാടകഭാഷയിലുള്ള സംഭാഷണങ്ങള്‍ അവരുടെ ഓജസ് കെടുത്തി.
ഷാജി കൈലാസ്- എ.കെ. സാജന്‍ ടീമിന്റെ റെഡ്‌ചില്ലീസ്, രാജീവ്‌നാഥിന്റെ പകല്‍ നക്ഷത്രങ്ങള്‍ എന്നീ ചിത്രങ്ങള്‍ ലാലിന്റെ നടനമികവിനുള്ള സാക്ഷ്യപത്രങ്ങളാകുമെന്ന് പ്രതീക്ഷിക്കാം.
കടപ്പാട് : ഷിജീഷ് യു.കെ.
http://mangalam.com/index.php?page=detail&nid=111538