Showing posts with label MUMBAI TERRORISM. Show all posts
Showing posts with label MUMBAI TERRORISM. Show all posts

Wednesday, November 25, 2009

പടരാതിരിക്കട്ടെ ഈ തീ ഇനിയും




അഭിമാനം കത്തിയെരിഞ്ഞ നിമിഷം

Wednesday, November 26, 2008

മുംബൈ ഭീകരാക്രമണം; മരണം‍ 100 കവിഞ്ഞു‍

ഒരു രാത്രി മുഴുവന്‍ നീണ്ട ഭീകരാക്രമണത്തില്‍ മുംബൈ നടുങ്ങി. ഏഴിടങ്ങളിലുണ്ടായ വെടിവയ്‌പിലും സ്‌ഫോടനങ്ങളിലും 100-ലേറെ പേര്‍ കൊല്ലപ്പെട്ടു. 350ലേറെ പേര്‍ക്കു പരുക്കേറ്റു. ചൗപത്തിയില്‍ രണ്ടു തീവ്രവാദികളെ വെടിവച്ചു കൊന്നു. മസഗാവില്‍ രണ്ടു തീവ്രവാദികളെ പിടികൂടി. ഇന്നലെ രാത്രി പത്തരയ്‌ക്കു ശേഷമാണു തെക്കന്‍ മുംബൈയിലെ ഒരു കിലോമീറ്ററിനുള്ളില്‍ വരുന്ന സപ്‌തനക്ഷത്ര ഹോട്ടലുകളിലും മുംബൈയിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനായ ഛത്രപതി ശിവജി റെയില്‍വേ ടെര്‍മിനസ്‌ (സി.എസ്‌.ടി) അടക്കം ഏഴിടങ്ങളിലും വെടിവയ്‌പും സ്‌ഫോടനവുമുണ്ടായത്‌. ഒബറോയ്‌ ഹോട്ടലിലെ താമസക്കാരെ തീവ്രവാദികള്‍ ബന്ദികളാക്കി. ഇവരെ മോചിപ്പിക്കാന്‍ ഇന്നു പുലര്‍ച്ചെയും കമാന്‍ഡോ ഓപ്പറേഷന്‍ തുടരുകയാണ്‌. പുലര്‍ച്ചെ ഒരു മണിയോടെ താജ്‌, ഒബറോയ്‌, മാരിയറ്റ്‌ ഹോട്ടലുകളില്‍ വീണ്ടും സ്‌ഫോടനമുണ്ടായി. സെന്റ്‌ ജോര്‍ജ്‌സ് ആശുപത്രിയില്‍ മാത്രം 60 മരണം സ്‌ഥിരീകരിച്ചു. 

സി.എസ്‌.ടിയിലുണ്ടായ വെടിവയ്‌പിലാണു പത്തുപേര്‍ മരിച്ചത്‌. ഒബറോയ്‌ കൂടാതെ ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യ, താജ്‌ മഹല്‍ ഹോട്ടല്‍ എന്നിവിടങ്ങളിലും ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ട്‌. മുംബൈ നഗരത്തില്‍ പ്രത്യേക ദ്രുതകര്‍മസേനയെ വിന്യസിച്ചു. മന്ത്രിമാരടക്കമുള്ള ഉന്നത വ്യക്‌തികളോടു പുറത്തിറങ്ങരുതെന്നു കര്‍ശന നിര്‍ദേശം നല്‍കി. ഇവര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചു. പാര്‍ലമെന്ററി സമിതി യോഗത്തിനെത്തിയ എം.പിമാര്‍ താജ്‌ ഹോട്ടലിലെത്തി. ആക്രമണമുണ്ടായ സ്‌ഥലങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതിനു വിലക്കേര്‍പ്പെടുത്തി. മോഷ്‌ടിച്ച ആഡംബര കാറുകളിലെത്തിയ ഭീകരര്‍ എകെ - 47 തോക്കുകളുപയോഗിച്ചായിരുന്നു വെടിവച്ചതെന്നു പോലീസ്‌ പറഞ്ഞു. മഹാരാഷ്‌ട്ര നിയമസഭാ മന്ദിരത്തിനു നേര്‍ക്കും വെടിവയ്‌പുണ്ടായി. 

താജ്‌ ഹോട്ടലിലെ ജീവനക്കാരാണു മരിച്ച മൂന്നുപേര്‍. മസേഗാവ്‌ ഡോക്‌യാഡ്‌ റോഡിലെ ടാക്‌സിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. നാലു പേര്‍ സി.എസ്‌.ടിയില്‍ മരിച്ചു. സി.എസ്‌.ടിയില്‍ മാത്രം മുപ്പതിലേറെപ്പേര്‍ക്കു പരുക്കേറ്റു. കൊളാബയില്‍ പെട്രോള്‍ പമ്പ്‌ പൊട്ടിത്തെറിച്ചു.

ഗുണ്ടായുദ്ധമെന്നായിരുന്നു ആദ്യം പോലീസ്‌ പറഞ്ഞതെങ്കിലും പിന്നീട്‌ ഭീകരാക്രമണമാണുണ്ടായതെന്നു സ്‌ഥിരീകരിച്ചു. കൊളാബയിലെ കഫേ ലോപാര്‍ഡ്‌, നരിമാന്‍ പോയിന്റ്‌, ഒബറോയ്‌ ഹോട്ടല്‍, കാമാ ആശുപത്രി, വിലേ പാര്‍ലെയിലെ ഫ്‌ളൈ ഓവര്‍, സാന്താക്രൂസ്‌ വിമാനത്താവളത്തിനു സമീപം എന്നിവിടങ്ങളിലാണ്‌ ആക്രമണമുണ്ടായത്‌. രാത്രി നടത്തിയ തെരച്ചില്‍ ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യക്കു സമീപം സ്‌ഫോടക വസ്‌തുനിറച്ച ബോട്ട്‌ കണ്ടെത്തി. കര, നാവിക, വ്യോമ സേനാ വിഭാഗങ്ങള്‍ നഗരത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്‌. 

തിരക്കേറിയ ഛത്രപതി ശിവജി റെയില്‍വേ ടെര്‍മിനസിലെ യാത്രക്കാരുടെ കാത്തിരിപ്പുമുറിയിലെത്തിയ ഭീകരര്‍ തുരുതുരാനിറയൊഴിക്കുകയും ഗ്രനേഡ്‌ എറിയുകയുമായിരുന്നെന്നു മുംബൈ റെയില്‍വേ പോലീസ്‌ കമ്മിഷണര്‍ ജനറല്‍ എ.കെ. ശര്‍മ പറഞ്ഞു. സി.എസ്‌.ടിയില്‍ ഒളിച്ചിരിക്കുന്ന രണ്ടു സായുധ ഭീകരര്‍ക്കായി കമാന്‍ഡോകള്‍ തെരച്ചില്‍ തുടരുകയാണെന്നു മുംബൈ ഡി.ജി.പി: എ.എന്‍. റോയ്‌ പറഞ്ഞു. 

രണ്ടു സംഘങ്ങളായി സി.എസ്‌.ടിയിലെത്തിയ ഭീകരരിലെ ഒരു സംഘം സ്‌റ്റേഷനുള്ളിലും രണ്ടാംസംഘം പുറത്തെ മെട്രോ തീയറ്ററിലും ആക്രമണം നടത്തുകയായിരുന്നു. സി.എസ്‌.ടിയില്‍ രണ്ടു സ്‌ഫോടനങ്ങളുണ്ടായതായി സ്‌ഥിരീകരിച്ചു. 

താജ്‌ ഹോട്ടല്‍, ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ ആസ്‌ഥാനം എന്നിവിടങ്ങളാണ്‌ ആക്രമണമുണ്ടായ മറ്റിടങ്ങള്‍. ഒബറോയ്‌ ഹോട്ടല്‍ അര്‍ധരാത്രിയോടെ ഒഴിപ്പിച്ചു. സി.എസ്‌.ടി, ദാദര്‍ സ്‌റ്റേഷനുകള്‍ അടച്ചു. ഇവിടങ്ങളിലേക്കുള്ള ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. രാജ്യത്ത്‌ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജാഗ്രതപാലിക്കാന്‍ സൈനിക വിഭാഗങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സഹായം തേടുമെന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്‌മുഖ്‌ പറഞ്ഞു. ദേശ്‌മുഖുമായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ ടെലിഫോണില്‍ സംഭാഷണം നടത്തി. മുംബൈയിലെ സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും യഥാസമയം വേണ്ട നടപടികളെടുക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രധാനമന്ത്രിക്കു റിപ്പോര്‍ട്ട്‌ നല്‍കി. ഏതു സാഹചര്യവും നേരിടാന്‍ കേന്ദ്ര സേന തയാറാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവ്രാജ്‌ പാട്ടീല്‍ ദേശ്‌മുഖിനെ അറിയിച്ചു. 


ഭീകരവിരുദ്ധ, ഏറ്റുമുട്ടല്‍ വിഭാഗം തലവന്മാര്‍
 കൊല്ലപ്പെട്ടു‍
ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരവിരുദ്ധ സ്‌ക്വാഡ്‌ തലവന്‍ ഹേമന്ത്‌ കര്‍ക്കരെയും ഏറ്റുമുട്ടല്‍ വിദഗ്‌ധന്‍ വിജയ്‌സലസ്‌കറും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മലേഗാവ് സ്ഫോടന കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. ഏറ്റമുട്ടലില്‍ ഡി.ഐ.ജി ഉള്‍പ്പെടെ 11 പോലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്‌.


ഇന്ത്യ വിറച്ച ദിനങ്ങള്‍ ഒരു അവലോകനം

2008 ഒക്‌ടോബര്‍ 30ന്‌ അസമില്‍ 18 ബോംബുകള്‍ പൊട്ടിത്തെറിച്ചപ്പോള്‍ 77 വിലപ്പെട്ട ജീവനകളാണ്‌ പൊലിഞ്ഞത്‌. നൂറിലധികം പേര്‍ക്ക്‌ പരുക്കേറ്റു. 

2008 ഒക്‌ടോബര്‍ 21നു മണിപ്പൂര്‍ പോലീസിന്റെ കാന്‍ഡോ കോംപ്ലക്‌സിനു മുന്നിലുണ്ടായ അതിശക്‌തമായ സ്‌ഫോടനത്തില്‍ 17 പേരാണ്‌ കൊല്ലപ്പെട്ടത്‌. 

2008 സെപ്‌റ്റംബര്‍ 29ന്‌ മഹാരാഷ്‌ട്രയിലെ മലേഗാവില്‍ മോട്ടോര്‍ ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ബോംബ്‌ പൊട്ടിത്തെറിച്ച്‌ മരിച്ചത്‌ അഞ്ചുപേരാണ്‌. അതേ ദിവസം തന്നെ ഗുജറാത്തിലെ മൊദാസയില്‍ മുസ്ലിം പള്ളിക്ക്‌ സമീപമുണ്ടായ താരതമ്യേന ശക്‌തി കുറഞ്ഞ സ്‌ഫോടനം ഒരാളുടെ ജീവന്‍ അപഹരിച്ചു കൊണ്ടാണ്‌ കടന്നുപോയത്‌. 

2008 സെപ്‌റ്റംബര്‍ 27നു ന്യൂഡല്‍ഹിയിലെ മെഹറോളിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ക്രൂഡ്‌ ബോംബ്‌ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 

2008 സെപ്‌റ്റംബര്‍ 13നു ന്യൂഡല്‍ഹിയിലുണ്ടായ ആറു സ്‌ഫോടനങ്ങളില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 

2008 ജൂലൈ 26ന്‌ അഹമ്മദാബാദില്‍ രണ്ടു മണിക്കൂറിന്റെ ഇടവേളയില്‍ 20 ബോംബുകള്‍ പൊട്ടിത്തെറിച്ചപ്പോള്‍ പൊലിഞ്ഞത്‌ 57 ജീവനുകളാണ്‌. 

2008 ജൂലൈ 25 ന്‌ ബംഗളൂരൂവിലുണ്ടായ ശക്‌തി കുറഞ്ഞ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 

2008 മേയ്‌ 13ന്‌ ജയ്‌പൂരിലുണ്ടായ തുടര്‍സ്‌ഫോടനങ്ങളില്‍ 68 പേര്‍ കൊല്ലപ്പെട്ടു.

2008 ജനുവരിയില്‍ യു.പിയിലെ രാംപൂരിനടുത്തുള്ള സി.ആര്‍.പി.എഫ്‌. ക്യാമ്പിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. 

2007 ഒക്‌ടോബര്‍ രാജസ്‌ഥാനിലെ അജ്‌മീര്‍ ഷെരീഫിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

2007 ഓഗസ്‌റ്റ് ഹൈദരാബാദ്‌ സ്‌ഫോടനങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക്‌ പരുക്ക്‌. 

2007 മേയില്‍ ഹൈദരാബാദ്‌ മെക്കാ മസ്‌ജിദില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 

2007 ഫെബ്രുവരി 19ന്‌ ഇന്ത്യയില്‍ നിന്നു പാകിസ്‌താനിലേക്കുള്ള തീവണ്ടിയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 66 പേര്‍ക്ക്‌ ജീവഹാനിയുണ്ടായി. 

2006 സെപ്‌റ്റംബറില്‍ മലേഗാരവിലെ മസ്‌ജിദില്‍ ഇരട്ട സ്‌ഫോടനം. മരണസംഖ്യ 30. പരുക്കേറ്റവര്‍ 100. 

2006 ജൂലൈയില്‍ മുംബൈ ട്രെയിനുകളില്‍ ഉണ്ടായ ഏഴു സ്‌ഫോടനങ്ങളില്‍ 200 കൊല്ലപ്പെട്ടപ്പോള്‍ 700 പേര്‍ക്ക്‌ പരുക്കേറ്റു. 

2006 മാര്‍ച്ചില്‍ വാരാണസിയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 

2005 ഒക്‌ടോബറില്‍ ന്യൂഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ ഉണ്ടായ മൂന്നു സ്‌ഫോടനങ്ങളില്‍ 62 പേര്‍ കൊല്ലപ്പെട്ടു.