Monday, December 3, 2012

ഹൃദയങ്ങള്‍ തേടുന്ന ദൈവം


നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു, നമുക്കൊരു മകന്‍ നല്‍കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില്‍ ഇരിക്കും. അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേരു വിളിക്കും" (യെശയ്യാവ് 9:6). നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ യെശയ്യ പ്രവാചകന്‍ മുന്‍കൂട്ടി കണ്ട ആ പ്രവചനം. . ഓരോ കന്യകയും ആഗ്രഹിച്ചിരുന്നു ആ പ്രവചനം തങ്ങളിലൂടെ നിറവേറാന്‍, രാജകുമാരികള്‍ കാത്തിരുന്നിടത്ത് ദൈവം തിരഞ്ഞെടുത്തത് ഒരു സാധാരണ കന്യകയെ. അങ്ങനെ ദൈവം സാധാരാണക്കാരില്‍ ഒരുവളായ മറിയയുടെ ഉദിര ത്തില്‍ തച്ചനായ ജോസഫിന്റെ മകനായി  ബേത്ലേഹേം കാലിക്കൂട്ടില്‍ ജാതനായി. ദൈവത്തിന്റെ നിറവ് ഒരു ശിശുവായിത്തീ രുന്ന വിസ്മയകരമായ വസ്തുത പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍, അക്കാര്യം സംഭവിക്കുന്നതിനും 700 വര്‍ഷം മുമ്പു യെശയ്യാവ് പ്രവചിച്ചു.
             ഓരോ ക്രിസ്തുമസ് കാലവും തിരിച്ചറിയലുകളുടെയും ഓര്‍മപെടുത്തലുകളുടെയും അനുഭവം ആകണം, ദൈവത്തിനു ഒരു പദ്ധതി ഉണ്ടെന്നും അവ എങ്ങനെ നിറവേറ്റണമെന്നും നമ്മെ വ്യക്തമായി കാണിച്ചു തരുന്നത് കാണാന്‍ ഈ സംഭവ വികാസങ്ങള്‍ കാരണമാകുന്നു. യോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മറിയയുടെ അടുത്ത് ഗബ്രിയേല്‍ ദൂതന്‍ ചെന്ന് പറയുന്നു “നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും“. ഇതുവരെ പുരുഷനെ അറിയാത്ത താനെങ്ങനെ ഗര്‍ഭിണിയാകും എന്ന് മറിയ സംശയം  പ്രകടിപ്പിക്കുമ്പോള്‍ ഗബ്രിയേല്‍ പറയുന്നത് പരിശുദ്ധാത്മാവ് നിന്റെ‌മേല്‍ വരും, അത്യുന്നതന്‍റെ  ശക്തി നിന്റെ മേല്‍ നിഴലിടും" എന്നാണ്. മറിയം ദൈവദൂതന് നല്‍കുന്ന മറുപിടിയാണ് ശ്രദ്ധേയമായത് “ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ”.ദൈവ ഇഷ്ടത്തിനു വേണ്ടി  സ്വയം സമര്‍പിച്ചപോള്‍ അത്യുന്നതിയിലേക്ക്  ഉയരുന്ന കന്യകയെ ആണ് പിന്നീട് ലോകം കണ്ടത്.
                  ജനനം  ദൈവ നിശ്ചയപ്രകാരമായിരുന്നെങ്കിലും ദൈവപുത്രനു പിറക്കാന്‍ അനുയോജ്യമായ ഒരു സ്ഥലം ലഭിച്ചില്ല. വീടുകളുടെയും സത്രങ്ങളുടെയും വാതിലുകള്‍ അടഞ്ഞു കിടന്നു. വഴിപോക്കരുടെ നേര്‍ക്കു തുറന്നു കിടന്ന കാലിത്തൊഴുത്ത്‌ ദൈവപുത്രന്റെ ജന്മഗേഹമായി. അവിടെ വൈദ്യരോ പരിചാരകരോ ഉണ്ടായിരുന്നില്ല. കോട്ടയും കാവല്‍ക്കാരുമുള്ള കൊട്ടാരത്തില്‍ പിറക്കാതെ ആകാശത്തിന്റെ മേല്‍ക്കൂരയ്‌ക്കു കീഴില്‍ ദൈവപുത്രന്‍  മനുഷ്യനായി  ഉടലെടുത്തപ്പോള്‍ പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും നിരാശബാധിച്ചവര്‍ക്കും അത്‌ പ്രത്യാശയുടെ സന്ദേശവും രക്ഷയുടെ ദൂതുമായി. 
                ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥം ഉള്ള ഇമ്മാനുവേല്‍ എന്നാണ് യെശയ്യാ പ്രവാചകന്റെ പ്രവചനം 7:14 പോലെ  നാം ദൈവ പുത്രനെ പറ്റി വായിക്കുന്നത്. ഈ ക്രിസ്തുമസില്‍ ദൈവം നമ്മോടു കൂടെയുണ്ടോ?ഭൗതീക സൗകര്യങ്ങളില്‍ മനുഷ്യന്‍ സമ്പന്നനാണെങ്കിലും ഹൃദയത്തില്‍ മിക്ക മനുഷ്യരും ദരിദ്രരായിത്തീരുന്നത്‌ ദൈവജനനത്തിനു  ഹൃദയത്തില്‍ ഇടം അനുവദിക്കാഞ്ഞതുകൊണ്ടാണ്.ഹൃദയമാകുന്ന പുല്‍ക്കൂട്ടില്‍ മശിഹ  പിറക്കുമ്പോള്‍ ജീവിതത്തില്‍ സമാധാനമുണ്ടാകുന്നു.മാലിന്യമുള്ള ഹൃദയത്തിലും അശാന്തമായ മനസ്സിലും ദൈവത്തിനു വസിക്കാനാവില്ല. ലോകചരിത്രത്തില്‍ ആദ്യത്തെ പുല്‍ക്കൂട്‌ കന്യകാമറിയത്തിന്‍റെ  ഹൃദയമായിരുന്നല്ലൊ.മാതാവിനെപോലെ സഞ്ചരിക്കുന്ന പുല്‍ക്കൂടുകളായി മാറാന്‍ കഴിയുമ്പോള്‍ ജീവിതത്തില്‍ ശാന്തിയും സമാധാനവും നിറയും.

                     ഭവനങ്ങളുടെ മുന്നിലെ പുല്‍ക്കൂടുകളിലല്ല ക്രിസ്തു ജനിക്കേണ്ടത്. നമ്മുടെ ഉള്ളിലാണ് , നമ്മുടെ ഹൃദയങ്ങളിലാണ് ക്രിസ്തുജനിക്കേണ്ടത്. മദ്യംകൊണ്ട് നിറച്ച ശരീരങ്ങളില്‍ അല്ല ക്രിസ്തു ജനിക്കേ ണ്ടത് .നമ്മുടെ ഹൃദയങ്ങളെയാണ് ജോസഫ് ഒരുക്കിയതുപോലെ ഒരുക്കേണ്ടത്. ജനിച്ച അന്നുമുതല്‍ നമ്മള്‍ ഇന്നുവരെ ക്രിസ്തുമസ് ആഘോഷിച്ചിട്ടും ക്രിസ്തു നമ്മുടെ ഉള്ളില്‍ ജനിക്കാനായി നമ്മള്‍ ഹൃദയങ്ങളെ എന്നെങ്കിലും ഒരുക്കിയിട്ടുണ്ടോ? എന്റെ ഹൃദയത്തില്‍ ക്രിസ്തു ജനിച്ചിട്ടുണ്ട് എന്ന് പറയാന്‍ നമ്മളില്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഹൃദയങ്ങളില്‍ അടിച്ചുകൂടിയ പകയും വിദ്വേഷവും മാറ്റി, പശുത്തൊട്ടിയില്‍ ഉണ്ണിയെശുവിനെ കിടത്താനായി മറിയയും ജോസഫും വിരിച്ച കീറത്തുണിപോലെ , നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹമെന്ന പട്ടുതുണി വിരിക്കാം. നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്ന ദൈവപുത്രനായി, ആ മനോഹര ക്രിസ്തുമസ് അനുഭവത്തിനായി ഒരുങ്ങാം, ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍...